സെല്‍ഫിയെടുക്കുന്നതിനിടെ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍!!! മര്യാദ പഠിപ്പിക്കണമെന്ന് ആലിയയോട് നെറ്റിസണ്‍സ്

താരങ്ങളെ കാണുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്ന ആരാധകര്‍ ഏറെയാണ്. പലപ്പോഴും ആരാധകരുടെ ആവേശത്തില്‍ ചിലപ്പോഴൊക്കെ താരങ്ങളുടെ പ്രതികരണം രൂക്ഷമാവാറുണ്ട്. അത്തരത്തില്‍ ആരാധകനോടുളള ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ മോശം പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞിരിക്കുകയാണ് നടന്‍. ഇതിന്റെ വീഡിയോ വൈറലായതോടെ രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നിറയുന്നുണ്ട്.

ആരാധകന് വേണ്ടി സെല്‍ഫിക്കായി ആദ്യം പോസ് ചെയ്ത രണ്‍ബീര്‍ സെല്‍ഫി എടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ രോഷാകുലനായി ആരാധകന്റെ കൈയ്യിലെ ഫോണ്‍ ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നതാണ് വീഡിയോ.

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. രണ്‍ബീര്‍ കപൂറിനെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് നെറ്റിസണ്‍സ്. മാത്രമല്ല ഭാര്യയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിനോട് റണ്‍ബിറിനെ മര്യാദകള്‍ പഠിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോണ്‍ ബ്രാന്‍ഡിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമാണ് എന്നും റണ്‍ബീര്‍ ആരാധകര്‍ പറയുന്നുണ്ട്.

Anu B