ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചു! പുരസ്‌കാര നേട്ടത്തില്‍ രഞ്ജിത്

ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന മലയാള സിനിമയെ അഭിനന്ദിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ദേശീയനേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്നും രഞ്ജിത് പറഞ്ഞു.

മികച്ച സംവിധായകന്‍, സഹനടന്‍, സംഘട്ടന സംവിധാനം, ഗായിക എന്നീ പുരസ്‌കാരങ്ങള്‍ നേടിയത് അയ്യപ്പനും കോശിയും എന്ന ചിത്രമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് രഞ്ജിത്. സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ പുരസ്‌കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അംഗീകരിച്ചതെന്നും അതില്‍ മലയാളിക്ക് അഭിനന്ദിക്കാമെന്നും രഞ്ജിത് പറഞ്ഞു. അതേസമയം, ഈ സന്തോഷം കാണാന്‍ സംവിധായകന്‍ സച്ചി ഇല്ലാത്തതില്‍ വിഷമമുണ്ടെന്നും രഞ്ജിത് പ്രതികരിച്ചു.

അയ്യപ്പനും കോശിയിലെയും സംഘട്ടനരംഗങ്ങളെ കുറിച്ച് തിരക്കഥ തയ്യാറാക്കുമ്പോള്‍ തന്നെ സച്ചിയുടെ മനസില്‍ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

Anu B