‘പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷനും പുതിയതില്‍ സ്ത്രീയും’! രഞ്ജു രഞ്ജിമര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങി

പാസ്‌പോര്‍ട്ടിലെ പേര് വ്യത്യാസം കാരണം ദുബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. 30 മണിക്കൂര്‍ നേരമാണ് രഞ്ജു രഞ്ജിമാര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറിന് നാട്ടില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലെത്തിയ രഞ്ജുവിന് ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങാനായത്.

രഞ്ജുവിന്റെ പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. മുന്‍പും രഞ്ജു ദുബൈയില്‍ എത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല.

എന്നാല്‍, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനയിലാണ് സിസ്റ്റത്തില്‍ ‘പുരുഷന്‍’ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയമായി. ഇതോടെ ഉദ്യോഗസ്ഥര്‍ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.

അങ്ങനെ തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാന്‍ നടപടിയും ആരംഭിച്ചിരുന്നു. അതിനിടെയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്റെ സുഹൃത്ത് ഷീല സതികുമാര്‍ തുടങ്ങിയവര്‍ രഞ്ജുവിന് വേണ്ടി ഇടപെട്ടത്.

അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവര്‍ കാര്യങ്ങള്‍ ബോധിപ്പിച്ചതോടെയാണ് രഞ്ജുവിന് രക്ഷയായത്. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും ഇടപെട്ടു. അങ്ങനെ ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ തന്നെ കഴിഞ്ഞ രഞ്ജു പിറ്റേന്ന് രാവിലെയാണ് പുറത്തിറങ്ങിയത്.

പുരുഷനായി ജനിച്ച രഞ്ജു രഞ്ജിമാര്‍ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്. ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റ് മേക്ക്അപ്പ് ആര്‍ട്ടിസ്റ്റാണ്, മാത്രമല്ല സെലിബ്രിറ്റിയുമാണ്. ഡോറ എന്ന പേരില്‍ പ്രശസ്തമായ ബ്യൂട്ടി പാര്‍ലറുകളുമുണ്ട് രഞ്ജുവിന്.

Anu B