Film News

നജീബിന്റെ കൊച്ചുമകള്‍ വിടപറഞ്ഞു!! ആടുജീവിതം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ദു:ഖ വാര്‍ത്ത

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കുന്ന ആടുജീവിതം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മാര്‍ച്ച് 28നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരിയിലേക്ക് എത്തിക്കുന്നത്. പ്രവാസ ജീവിതത്തിലെ നജീബിന്റെ കണ്ണീര്‍ക്കാഴ്ചയാണ് ബെന്യാമിന്‍ വരികളില്‍ കുറിച്ചിട്ട് കണ്ണീര്‍പടര്‍ത്തിയത്. ഇപ്പോഴിതാ നേരേ കണ്‍മുന്നില്‍ കാണാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയായി നടക്കുകയാണ്.

ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയാണ് കഥയിലെ യഥാര്‍ഥ നായകന്‍. യഥാര്‍ഥ നജീബും അടുത്തിടെയായി ആരാധകര്‍ക്ക് പരിചിതനാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം നജീബ് പങ്കെടുത്തിരുന്നു. തന്റെ ജീവിതം സ്‌ക്രീനില്‍ കാണാന്‍ നജീബും കാത്തിരിക്കുകയാണ്.

അതേസമയം, നജീബിന്റെ ജീവിതം സ്‌ക്രീനില്‍ എത്താനിരിക്കെ ഒരു ദു:ഖവാര്‍ത്ത കുടുംബത്തിനെ തേടി എത്തിയിരിക്കുകയാണ്. നജീബിന്റെ കൊച്ചുമകള്‍ അകാലത്തില്‍ വിട പറഞ്ഞിരിക്കുകയാണ്. നജീബിന്റെ മകന്റെ മകള്‍ സഫാ മറിയം (ഒന്നര വയസ് ) മരണപ്പെട്ടു. ബെന്യാമിനാണ് ഈ ദു:ഖ വാര്‍ത്ത പങ്കിട്ടിരിക്കുന്നത്. പെട്ടെന്നുണ്ടായ അസുഖമാണ് കുഞ്ഞിന്റെ ജീവനെടുത്തത്.

മരുഭൂമി സമ്മാനിച്ച കനലും കുളിരും മനസ്സില്‍ ബാക്കിവെച്ച് നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നജീബ് നാടണഞ്ഞു.

ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നജീബ് നാട്ടില്‍ കൂലിപ്പണി ചെയ്യുകയാണ്. തന്റെ ജീവിതം അഭ്രപാളികളില്‍ എത്തുമ്പോഴെങ്കിലും ദുരിതക്കയത്തില്‍നിന്നു കരകയറാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് നജീബ്. പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച്, സൗദി അറേബ്യയില്‍ രണ്ട് വര്‍ഷത്തിലേറെക്കാലം അനുഭവിച്ചു തീര്‍ത്ത ‘ആടുജീവിതം’ മനസ്സിന്റെ വിങ്ങലാണ്. രണ്ടാംഘട്ടത്തില്‍ ബഹ്റൈനില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട്, മനസ്സിന് കുളിരാണ് സമ്മാനിച്ചതെന്ന് നജീബ് മുന്‍പ് പറഞ്ഞിരുന്നു.

Anu B