‘കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരുടെ മുന്നിലേക്ക് കിങ് ഖാന്റെ രാജകീയ തിരിച്ചുവരവ്’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ മികച്ച വിജയമാണ് നേടുന്നത്. 1000 കോടി ക്ലബില്‍ ചിത്രം ഇതിനോടകം ഇടംപിടിച്ചു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരുടെ മുന്നിലേക്ക് കിങ് ഖാന്റെ രാജകീയ തിരിച്ചുവരവെന്നാണ് റിയാസ് പങ്കുവെച്ച മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘ദീപാവലി കഴിഞ്ഞിട്ടും സജീവമായ ‘പടക്കക്കട’ എന്ന ആക്ഷേപവും പേറി, ബോക്‌സ്ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ ബ്രഹ്‌മാണ്ട സിനിമകളുടെ മുന്നില്‍ എരിഞ്ഞടങ്ങുകയാണ് എന്ന് തോന്നിച്ച, ഒരു കാലത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഫിലിം ഇന്‍ഡസ്ട്രി എന്ന് അഹങ്കരിച്ചിരുന്ന ബോളിവുഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ദംഗലിന് ശേഷം 1000 കോടി ക്ലബ്ബില്‍ പ്രവേശനം നേടുന്ന ആദ്യത്തെ ബോളിവുഡ് ചിത്രം. സീറോ എന്ന ബോക്‌സ്ഓഫീസ് ഡിസാസ്റ്ററിന് ശേഷം തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരുടെ മുന്നിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്റെ രാജകീയ തിരിച്ചുവരവ്. അങ്ങനെ പഠാന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഒരുപാടുണ്ട്. ബോളിവുഡ് ബോക്‌സ്ഓഫീസില്‍ 2000 കോടി എന്ന സര്‍വ്വകാല റെക്കോര്‍ഡുമായി ആമിര്‍ഖാന്റെ ദംഗല്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഷാരൂഖ് ഖാന്‍ തന്റെ ‘ദി കിങ് ഓഫ് ബോളിവുഡ്’ എന്ന വിശേഷണത്തിന് അടിവരയിടുന്നത് എന്ന ചോദ്യത്തിന് മനോഹരമായൊരു ഉത്തരമുണ്ട്. എന്തെന്നാല്‍, ദംഗല്‍ ഇന്ത്യന്‍ സിനിമയിലെ ദി ക്ലാസ്സിക് & ദി പെര്‍ഫെക്ട് സ്‌പോര്‍ട്‌സ് മൂവി എന്ന ലേബലും കൂടി കൊണ്ടാണ് ആ നേട്ടം സ്വന്തമാക്കിയതെങ്കില്‍, സകല ദൗര്‍ബല്യങ്ങളുമുള്ള ഒരു ശരാശരി മാസ്സ് ആക്ഷന്‍ ചിത്രം കൊണ്ട് തിയറ്ററുകളില്‍ നിന്നും ഇത്രയും കാലം അകന്നുനിന്നിരുന്ന പ്രേക്ഷകരെ ഷാരൂഖ് ഖാന്‍ എന്ന ബ്രാന്‍ഡ് തിരിച്ചെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരാണ് പ്യുവര്‍ സ്റ്റാര്‍ഡമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.

Gargi