ഇവിടെ സിനിമയെ നശിപ്പിച്ച് താഴെയിടുന്നു! എന്ത് യോഗ്യതയാണ് ഉള്ളത് ? തുറന്നടിച്ച് റോഷന്‍ ആന്‍ഡ്രൂസ്

സിനിമ പലരുടേയും ഉപജീവനമാര്‍ഗം ആയിരിക്കെ മറ്റുള്ളവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വരുന്ന സിനിമ റിവ്യൂവ്‌സിനെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകന്‍ ഇതേ കുറിച്ച് പറഞ്ഞത്. സിനിമയെ വിമര്‍ശിക്കുന്നവര്‍ അതിന് അവര്‍ക്ക് എന്ത് യോഗ്യത ഉണ്ടെന്ന് ആദ്യം സ്വയം ചിന്തിക്കണം എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

ഒരു സിനിമയ്ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്ന പണി തുടങ്ങി.. ആ സിനിമയുടെ ഭാഗമാകുന്ന നിരവധിപ്പേരുടെ ഉപജീവന മാര്‍ഗമാണ് സിനിമ. ഇവിടെയുള്ള വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം, പക്ഷെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും മൈക്കുമായി തീയറ്റര്‍ റെസ്‌പോണ്‍സ് എടുക്കുന്നതിനേയും സംവിധായകന്‍ വിമര്‍ശിച്ചു. ആദ്യത്തെ മൂന്ന് ദിവസം എങ്കിലും ഇത്തരം റിവ്യൂകള്‍ ഒഴിവാക്കണം. ജനം സിനിമ കണ്ടതിന് ശേഷം അഭിപ്രായം അവര്‍ക്ക് പറയാമല്ലോ.. അല്ലാതെ ഫസ്റ്റ് ഹാഫ് കഴിഞ്ഞയുടനെ സിനിമയെ കുറിച്ച് റിവ്യൂ ചോദിക്കരുത്. കുറച്ച് കൂടി കഴിയുമ്പോള്‍ പത്ത് മിനുട്ട് കഴിഞ്ഞ് തിയറ്ററിനുള്ളില്‍ കയറി പടം എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമോ എന്നാണ് എന്റെ ഭയമെന്നും അദ്ദേഹം പറഞ്ഞു,

ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന്‍ ആന്‍ഡ്രൂസ് ചോദിച്ചു. ഇതേ കുറിച്ച് ജീത്തു ജോസഫ് അടക്കമുള്ള സംവിധായകരും നേരത്തെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. അഭിപ്രായങ്ങള്‍ പറയാം.. എന്നാല്‍ സിനിമയെ ഒരിക്കലും കീറിമുറിച്ച് അതില്‍ ലോജിക്ക് കണ്ടെത്താന്‍ ശ്രമിക്കരുത് എന്നും.. മൊത്തത്തില്‍ നിങ്ങള്‍ എന്‍ഗേജ്ഡ് ആയോ എ്ന്നാണ് നോക്കേണ്ടത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞിരുന്നത്.

അതേസമയം, സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ സിനിമ. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ എന്നിവരാണ് അഭിനയിച്ചത്.

Nikhina