സായ് കുമാർ സൂപ്പർ സ്റ്റാറായി മാറേണ്ടിയിരുന്ന നടൻ ; മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ടെന്ന് ബൈജു അമ്പലക്കര

മലയാളികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് സായ് കുമാർ. നായകനായും സഹനടനായും വില്ലനായുമെല്ലാം സായ്കുമാർ മലയാളികൾക്ക് മുന്നിലെത്തി. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാനടന്റെ മകനായ സായ് കുമാർ നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തിയ റാംജി റാവു സ്പീക്കിങ് ആണ് സായ്കുമാറിന്റെ ആദ്യ ചിത്രം. പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സിനിമയില്‍ ചുവട് വെച്ച് താരം പിന്നീട് വില്ലൻ വേഷങ്ങളിലൂടെയും മറ്റും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോ​ഹൻലാൽ, മമ്മൂട്ടി സിനിമകളിൽ ഇവർക്കൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി നിരവധി സിനിമകളിൽ സായ്കുമാർ തിളങ്ങി. ഇവരുടെയൊക്കെ അച്ഛനായും സായ് കുമാർ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സഹനടൻ വേഷങ്ങളിലും അച്ഛൻ വേഷങ്ങളിലുമൊക്കെയാണ് നടൻ കൂടുതലായി അഭിനയിക്കുന്നത്.എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സൂപ്പർ താരമായി മാറേണ്ടിയിരുന്ന നടനായിരുന്നു സായ് കുമാർ എന്ന് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര.സൂപ്പർ ഹിറ്റായി മാറിയ വല്ല്യേട്ടൻ എന്ന സിനിമയുടെ നിർമാതാവായ ബൈജു സായ് കുമാറിന്റെ അടുത്ത സുഹൃത്താണ്. വാരി വലിച്ചു സിനിമകൾ ചെയ്തതാണ് സായ് കുമാറിന് പറ്റിയ അബദ്ധമെന്നും മമ്മൂട്ടി പോലും വലിയ റേഞ്ചുള്ള നടനാണെന്ന് പറഞ്ഞയാളാണ് സായ് കുമാറെന്നും ബൈജു അമ്പലക്കര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സായ് കുമാർ നല്ലൊരു കലാകാരനാണ്, വലിയൊരു കലാകാരന്റെ. റാം ജി റാവു സ്‌പീക്കിങ്ങിന് ശേഷം എല്ലാ സംവിധായകരും സായ് കുമാറിന്റെ പുറകെ ആയിരുന്നു.നിൽക്കാൻ കഴിയാത്ത അവസ്ഥയിരുന്നു. കുറെ സിനിമകൾ അദ്ദേഹം ചെയ്തു. പക്ഷെ പുള്ളിക്ക് പറ്റിയ അബദ്ധം എന്താണെന്നാൽ, അദ്ദേഹം ശരീരം നോക്കിയില്ല. നല്ല സംവിധായകരുടെ സിനിമകളിൽ കഥാപാത്രം എന്താണെന്ന് നോക്കാതെ പോയി അഭിനയിച്ചു.

മമ്മൂക്ക ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, ഇത്രയും റേഞ്ചുള്ള ഒരു നടനില്ലെന്ന്. സായ് കുമാർ നല്ല രീതിയിൽ ശരീരമൊക്കെ നോക്കി, നല്ല നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ ആയേനെ. ഡയലോഗ് ഒന്ന് വായിച്ചാൽ മതി, അതു കഴിഞ്ഞ് പുള്ളി പെർഫോം ചെയ്യുന്ന കണ്ടാൽ നമ്മൾ തന്നെ ഞെട്ടി പോകും. ഇത് എവിടെ നിന്ന് വരുന്നു എന്നതാണ്. അത്രയും റേഞ്ചുള്ള നടനാണ്. വാരിവലിച്ച് കുറെ സിനിമകൾ ചെയ്തതാണ് അദ്ദേഹത്തിന് പറ്റിപ്പോയത്. അത് കൺട്രോൾ ചെയ്യാനൊന്നും ആരുമില്ലാതെ പോയി.മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് ഇവരെല്ലാം വളരെ നോക്കിക്കണ്ടാണ് സിനിമകൾ ചെയ്തത്.സായ് അങ്ങനെ കുറെ സിനിമകൾ ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെ വില്ലൻ കളിക്കേണ്ടി വന്നു.നായക പരിവേഷം മാറി. ശരീരപ്രകൃതി മാറി, ആഹാരത്തിൽ ഒന്നും പുള്ളിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല എന്നും ബൈജു അമ്പലക്കര പറഞ്ഞു.