Film News

‘മുസാഫിറിലൊക്കെ ചെയ്തല്ലോ , പിന്നെ ഇപ്പോള്‍ എന്താണ്…’; സംവിധായകന്‍റെ ചോദ്യം, വെളിപ്പെടുത്തി സമീറ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രിയ നടിയാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ തുടങ്ങി മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. 11 വര്‍ഷം നീണ്ട സിനിമ ജീവിതത്തിന് ശേഷം 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ സമീറ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. പിന്നീട് അഭിനയ ലോകത്ത് നിന്നും സമീറ അകന്ന് നിന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും താരം സജീവമാണ്.

കാസ്റ്റിംഗ് കൗച്ച്, മീടു വിവാദങ്ങള്‍ കത്തി നിന്ന സമയത്ത് തന്‍റെ കരിയറില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് സമീറ തുറന്ന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ രണ്ട് അനുഭവങ്ങളെ കുറിച്ചാണ് സമീറ വെളിപ്പെടുത്തിയത്. ഇത്തരം അവസരങ്ങളില്‍ സ്വയം ഒരു പ്രതിരോധ സംവിധാനം സിനിമ രംഗത്ത് ഇറങ്ങുന്നവര്‍ സൃഷ്ടിക്കണം എന്നാണ് സമീറ പറഞ്ഞത്.

ഒരിക്കല്‍ ഒരു ചിത്രത്തില്‍ സമീറ അറിയാതെ ഒരു ചുംബന രംഗം സംവിധായകന്‍ പ്ലാന്‍ ചെയ്തു. എന്നാല്‍ സമീറ അത് ചെയ്യാനാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ആദ്യത്തെ കഥയില്‍ ഇങ്ങനെയൊരു സംഭവം ഇല്ലായിരുന്നുല്ലോ എന്നാണ് സമീറ ചോദ്യം ഉന്നയിച്ചത്. ഇതോടെ മുസാഫിറില്‍ അടക്കം ഇത്തരത്തിലുള്ള രംഗം ചെയ്തിട്ടുണ്ടല്ലോ എന്നാണ് സംവിധായകന്‍ വാദിച്ചത്. അതില്‍ ചെയ്തുകാണും എന്ന് വച്ച് ഇതില്‍ വേണോ എന്ന് സമീറ കൃത്യമായ മറുപടിയും കൊടുത്തു. സൂക്ഷിച്ച് വേണം പെരുമാറണമെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നാണ് സംവിധായകൻ ഭീഷണിപ്പെടുത്തിയതെന്ന് സമീറ പറഞ്ഞു.

ഒരു ബോളിവുഡ് നടനില്‍ നിന്നുണ്ടായ മോശം അനുഭവവും സമീറ വെളിപ്പെടുത്തി. നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നും നടൻ പറയുകയായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയമാണെന്നുമാണ് ആ നടന്‍ പറഞ്ഞത്. പറ‌ഞ്ഞത് പോലെ പിന്നീട് ഒരിക്കലും ആ നടന്‍റെ ചിത്രത്തില്‍ സമീറ അഭിനയിച്ചില്ല.

സിനിമ രംഗം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറികടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണമെന്നാണ് സമീറ പറയുന്നത്. സിനിമ അവസരങ്ങള്‍ കുറയാതെയിരിക്കാൻ നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിക്ക് പോവുകയോ ചെയ്തിട്ടില്ല. ഇത്തരം പരിപാടികള്‍ അവസരങ്ങള്‍ നേടാനുള്ള വഴിയാണ്. പക്ഷേ കുഴപ്പമില്ല തന്‍റെ രീതി വേറെയാണെന്ന് സമീറ പറയുന്നത്.

Anu B