ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി സംയുക്ത. ഇപ്പോഴിതാ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് താരം. കളോള്‍ നായികയാവുന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ ബോളിവുഡ് അരങ്ങേറ്റം.

27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിക്കുന്ന ചിത്രവുമാണ്. 1997 ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന ചിത്രമാണ് പ്രഭുദേവയും കജോളും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം.

തെലുങ്ക് ഫിലിംമേക്കറായ ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചരണ്‍ തേജയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ്. നസ്‌റുദ്ദീന്‍ ഷാ, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഒരുങ്ങുന്നത്. തിരക്കഥ ഒരുക്കുന്നത് നിരഞ്ജന്‍ അയ്യങ്കാര്‍, ജെസീക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ്.

തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് സംയുക്ത. നിരവധി ഹിറ്റുകളിലെ നായികയാണ് സംയുക്ത. സ്വയംഭൂ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. നിഖില്‍ സിദ്ധാര്‍ഥയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.