Categories: Film News

ചിത്രത്തിലെ കഥാപാത്രത്തിന് ഒന്നിലധികം ഭാര്യമാരുള്ളത് കൊണ്ട് മുസ്ലിമാക്കി’; മുസ്ലിമിനെ മോശമാക്കിയതല്ല; സംവിധായകൻ പറയുന്നു

അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവുമധികം ഹിറ്റായ ഒന്നാണ് രൺബീർ കപൂർ നായകനായ ‘അനിമൽ’. കളക്ഷൻ റെക്കോർഡുകളിൽ വൻ മുന്നേറ്റം നടത്തിയ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. പുരുഷ കേന്ദ്രീകൃതമായ കഥാപശ്ചാത്തലവും, വയലൻസിന്റെ അതിപ്രസരവുമാണ് ചിത്രത്തിന് വിമർശനം നേരിടേണ്ടി വന്ന കാര്യങ്ങൾ.എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഢി വാംഗ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ വില്ലനായി എത്തിയ ബോബി ഡിയോൾ അവതരിപ്പിച്ച കഥാപാത്രമായ അബ്രാർ ഹക്ക് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ആളായത് എങ്ങനെയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്. ഒരു തമിഴ് മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.ഇസ്ലാം മതത്തിൽ ഒന്നിലധികം ഭാര്യമാർ ഉണ്ടാവും. അത് ഈ ചിത്രത്തിൽ ഉപയോഗിക്കാം എന്ന് ഞാൻ കരുതി. അങ്ങനെ ചെയ്‌താൽ ചിത്രത്തിന്റെ തീം വലുതാക്കാൻ സാധിക്കും. അതല്ലാതെ എന്റെ സിനിമയിലൂടെ ഒരു മുസ്ലിമിനെ മോശമായി കാണിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല’ വിവാദങ്ങളോട് സന്ദീപ് റെഡ്ഢി വാംഗ പ്രതികരിച്ചു.

മതവുമായി ബന്ധപ്പെട്ട മറ്റ് കാഴ്‌ചപ്പാടുകളും ഈ ഹിറ്റ് സംവിധായകൻ പങ്കുവച്ചു. ‘ആത്മവിശ്വാസമില്ലാത്ത ഒരു അവസ്ഥയിലേക്ക് ആളുകളോട് പലരും ചർച്ചിലേക്കോ ബാബയുടെ അടുത്തേക്കോ പോകാൻ പറയാറുണ്ട്. അത്തരം ആളുകളോട് പേരുകൾ മാറ്റാൻ പോലും പലരും പറയാറുണ്ട്. ഇത്തരക്കാർ ജീവിത്തിൽ പലവിധ മോശം അനുഭവങ്ങൾ ഉണ്ടാവുമ്പോൾ മതം മാറുന്നതും ഞാൻ കണ്ടിട്ടുണ്ട്’ സന്ദീപ് ചൂണ്ടിക്കാട്ടി. ‘തങ്ങളുടെ മോശം അവസ്ഥയിൽ അതൊരു പുതിയ ജന്മം ആണെന്നായിരിക്കും അവർക്ക് തോന്നുക. എന്നാൽ ഇത് പൂർണമായും അവരുടെ ഐഡന്റിറ്റിയുടെ മാറ്റമാണ്. ഒരുപാട് പേർ ക്രിസ്‌റ്റ്യാനിറ്റിയിലേക്കും, ഇസ്ലാമിലേക്കും മതം മാറുന്നത് നാം കാണുന്നുണ്ട്, എന്നാൽ ആരും ഹിന്ദു മതത്തിലേക്ക് വരാറില്ല’ സന്ദീപ് തന്റെ അഭിപ്രായം പങ്കുവച്ചു. അതേസമയം, രൺബീർ കപൂർ നായക വേഷത്തിൽ എത്തിയ ചിത്രം 843 കോടി രൂപയോളമാണ് ഇതുവരെ കളക്ഷൻ നേടിയത്. സന്ദീപ് റെഡ്ഢി വാംഗയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്.

ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുണ്ടായെങ്കിലും തുടര്‍ ദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയും വന്‍ കളക്ഷനുമാണ് ചിത്രം നേടിയത്. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യന്‍ കളക്ഷന്‍ മാത്രം 514.64 കോടി വരും.  ഇന്ത്യന്‍ കളക്ഷന്‍ മാത്രം പരിഗണിച്ച് ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്നാണ് ട്രേഡ് അണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അവരുടെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ആറാമത്തെ ചിത്രമാണ് അനിമല്‍. ഒഎംജി 2, പഠാന്‍, ലിയോയുടെ ഹിന്ദി പതിപ്പ് , ജവാന്‍, ഫുക്രി 3 എന്നിവയെയെല്ലാം മറികടന്നാണ് ഈ നേട്ടം. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 835.9 കോടി ആണ് അത്!ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.   ഇതുവരെ ഇറങ്ങിയ മറ്റ് ചിത്രങ്ങളൊന്നും അനിമലിന്‌ വലിയ രീതിയിൽ വെല്ലുവിളി ആയിരുന്നില്ല. എന്നാൽ ഷാരൂഖ് ഖാൻ നായകനായ രാജ്‌കുമാർ ഹിറാനിയുടെ ‘ഡങ്കി’, പ്രഭാസ് നായകനായി എത്തുന്ന പ്രശാന്ത് നീൽ ചിത്രമായ ‘സലാർ’ അടുത്ത ദിവസങ്ങളിൽ പ്രദർശനത്തിന് എതുന്നുണ്ട്. ഇത് അനിമലിന് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്. ആയിരം കോടി എന്ന സ്വപ്‌ന നേട്ടം ചിത്രത്തിന് നേടാൻ കഴിയുമോ എന്നാണ് അണിയറ പ്രവർത്തകർ ഉറ്റുനോക്കുന്നത്.

Sreekumar R