നന്‍പന് ഐക്യദാര്‍ഢ്യം!! ചാര്‍ലി ചാപ്ലിന്‍ ലുക്കില്‍ നടന്‍ സഞ്ജു ശിവറാം

നടന്‍ വിനയ് ഫോര്‍ട്ടിന്റെ ചാര്‍ലി ചാപ്ലിന്‍ ലുക്കാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രമായ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ പ്രസ് മീറ്റിന് നിവിന്‍ പോളിയ്‌ക്കൊപ്പം എത്തിയതായിരുന്നു താരം. ചാര്‍ളി ചാപ്ലിന്‍ ലുക്കില്‍ മീശയും ചുരുണ്ട മുടിയും കൂളിങ് ഗ്ലാസും ധരിച്ചാണ് താരം എത്തിയത്. പ്രസ് മീറ്റിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും താരത്തിന്റെ ലുക്ക് വൈറലായി.

വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്കിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ട്രോളന്മാര്‍ക്കും മീം ഉണ്ടാക്കുന്നവര്‍ക്കുമൊക്കെ നല്ല ഇരയെ കിട്ടിയിരിക്കുകയാണ്.

ഇപ്പോഴിതാ വിനയ് ഫോര്‍ട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സഞ്ജു ശിവറാം എത്തിയിരിക്കുകയാണ്. വിനയിയുടെ ലുക്കിനു സമാനമായ രീതിയില്‍ പാതി മീശ വടിച്ച സഞ്ജുവാണ് ചിത്രങ്ങളില്‍. ജസ്റ്റിസ്, വിനയ് ഫോര്‍ട്ട് എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്. എന്തായാലും വിനയിയുടെ ലുക്ക് സിനിമാ ലോകത്തും തരംഗമാകുന്ന കാഴ്ചകളാണ് കാണാനാകുന്നത്.

‘അപ്പന്‍’ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേതാണ് വിനയ്യുടെ ലുക്ക്. ചിത്രത്തിന് പേരിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. വളരെ രസകരമായ സിനിമയും കഥാപാത്രവും ആണ്. അതുകൊണ്ട് ഈ കോലം ഞാന്‍ അങ്ങ് സഹിക്കുന്നു. സെപ്റ്റംബര്‍ പകുതിവരെ ഈ കോലത്തില്‍ തന്നെ ഞാന്‍ നടക്കേണ്ടി വരുമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

Anu B