Film News

‘മോഹന്‍ലാലിന്റെ ബറോസിനേക്കാളും ദിലീപിന്റെ ഡിങ്കൻ ഹിറ്റാകും’ ; പ്രവചിച്ച് ശാന്തി വിള ദിനേശ്

ദിലീപ് നായകനായി അഭിനയിക്കാനിരുന്ന ത്രീഡി ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പല പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നതോടെ സിനിമ പൂർത്തി ആയില്ല. എന്നാല്‍ ദിലീപ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ  വൈറലാവുന്നത്. ഡിങ്കന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടപ്പോള്‍ അത് ഗംഭീര സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പായെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറഞ്ഞത്. മാത്രമല്ല മോഹന്‍ലാലിന്റെ ബറോസ് എന്ന സിനിമയെക്കാളും മുകളില്‍ ഡിങ്കൻ പോകുമെന്ന് തനിക്ക് തോന്നുന്നതായിട്ടും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്റെ കുറച്ച് വിഷ്യുല്‍സ് ഞാന്‍ കണ്ടു. ത്രീഡി വിഷ്യുല്‍സായിരുന്നു അത്. സത്യം പറഞ്ഞാല്‍ മൈഡിയര്‍ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിന്റെ ആയിരം ഇരട്ടി മുകളില്‍ വരുമത്. മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച അതേ ടെക്‌നിക്കുകളും ക്യാമറയും മറ്റുമൊക്കെയാണ് ദിലീപിൻറെ ഈ സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. ബറോസിനെക്കാളും മുകളില്‍ പോകുമോ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് ശാന്തിവിള ദിനേശന്‍ പറയുന്നു.

തായ്‌ലാന്‍ഡില്‍ ഒരു വനിത ഫൈറ്ററുണ്ട്. അവരുടെ ഒരു ഫൈറ്റ് സീന്‍ എനിക്ക് കാണിച്ച് തന്നു. നമ്മള്‍ കിടുങ്ങി പോകും. അതുപോലെയാണ് ചെയ്തിരിക്കുന്നത്. പിന്നെ നാദിര്‍ഷ അതിലൊരു പാട്ട് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം ഗോപി സുന്ദറാണ്. നാദിര്‍ഷ ചെയ്ത പാട്ട് അദ്ദേഹം തന്നെ എഴുതി സംഗീതം പകര്‍ന്നതാണ്. മാത്രമല്ല ഒന്നരക്കോടിയോളം രൂപ ചിലവഴിച്ചിട്ടാണ് ആ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ആ പാട്ട് തായ്‌ലാന്‍ഡില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. അതിന്റെ സെറ്റ് കണ്ടാല്‍, അതുപോലെ ദിലീപും നായികയും ഒരുമിച്ചുള്ള സീന്‍ കണ്ടാല്‍ ഏത് പ്രേക്ഷകനും ഇരുന്ന് പോകും. പാട്ട് പുറത്ത് വന്ന് നമ്മള്‍ കണ്ടാല്‍ തന്നെ തിയേറ്ററില്‍ പോയി പ്രൊഫസര്‍ ഡിങ്കന്‍ കാണും. ആ സിനിമ വലിയൊരു വിജയമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നതായി ശാന്തിവിള ദിനേശ് പറയുന്നു. എന്നാല്‍ ശാന്തിവിള ദിനേശിനെ കളിയാക്കിയും ദിലീപ് ചിത്രത്തെ പരിഹസിച്ച് കൊണ്ടുമാണ് ചിലര്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘പ്രൊഫസര്‍ ഡിങ്കന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ മനസിലായി നല്ല ടെക്‌നിക്കല്‍ ക്വാളിറ്റി ഉള്ള പടം ആണെന്ന്, ചിരിപ്പിക്കാന്‍ വേണ്ടി ഓരോന്ന് പറഞ്ഞ് വന്നോളും. ദിലീപിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ കാശിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നേട്ടത്തിനോ വേണ്ടി ഇങ്ങനൊന്നും പറയരുത്. അതേ സമയം ഈ സിനിമയുടെ നിര്‍മാതാവിന്റെ കഷ്ടപ്പാട് തീരണമെങ്കില്‍ പടം റിലീസ് ചെയ്യണമെന്ന് പറയുകയാണ് ചിലര്‍. ഡിങ്കന്‍ എന്ന പടത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് ഈ പടം റിലീസ് ചെയ്യുവാന്‍ കഴിയുമോ? സനല്‍ ചേട്ടന്‍ന്റെ ദുഃഖങ്ങള്‍ തീരുമോ? ഈ പടം റിലീസായാല്‍ ദിലീപേട്ടന്റെ റെയിഞ്ച് വേറെ ലെവലാകും. ഒപ്പം സനല്‍ എന്ന നിര്‍മ്മാതാവും രക്ഷപ്പെടും. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ചിലര്‍ ഡിങ്കന്റെ ടീസര്‍ കണ്ടതിനെ കുറിച്ചും സംസാരിച്ചു. എന്തിരന്‍ 2.0 കാണാന്‍ പോയപ്പോള്‍ ഏരിയപ്ലെസ് ഓഡിയില്‍ ഡിങ്കന്റെ ടീസര്‍ കാണാന്‍ ഇടയായി. ടിക്കറ്റിന് കൊടുത്ത 200 രൂപ  മുതലായെന്ന് തോന്നിയത് അപ്പോഴാണ്. മൂന്ന് മണിക്കൂര്‍ ഇരുന്ന് ആ പടം കണ്ടതിലും ഒന്നര മിനുറ്റ് ടീസര്‍ തന്ന എക്‌സ്പീരിയന്‍സായിരുന്നു വലുതെന്ന് പറയുകയാണ് ചില ആരാധകര്‍. അതേസമയം 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ്  പ്രൊഫസർ ഡിങ്കൻ. മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ.  വലിയ മുതൽ മുടക്കിലെത്തിയ ചിത്രം പകുതി ചിത്രീകരണം നടത്തിക്കഴിഞ്ഞ് നിന്നു പോവുകയായിരുന്നു. മലയാളത്തിലെ മുതിർന്ന ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു. റാഫിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്നു ചേർക്കുന്നതാണ്. നമിത പ്രമോദ് ദിലീപിനു നായികയായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയെയാണ് അന്ന് അണിനിരത്തിയത്. ചിത്രത്തിൻ്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിങ്കോയിസ്റ്റുകൾ മുന്നോട്ടു വന്നിരുന്നത് വാർത്തയായിരുന്നു. അതേസമയം ഗാർഡിയൻ ഓഫ് ഡി’ ഗാമാ’സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ എഴുതിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ റോളിൽ മോഹൻലാൽ ആണെത്തുന്നത്. മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Sreekumar R