കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി!!! കൃഷ്ണകുമാറിനെ കുറിച്ച് പറയേണ്ടി വരുന്നത് പോലും ലജ്ജാകരം-ശാരദക്കുട്ടി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നിറയുന്നത്. വീട്ടിലെ പണിക്കാര്‍ക്ക് നിലത്ത് കുഴി കുഴിച്ച് ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്നത് വളരെ അഭിമാനത്തോടെ കൃഷ്ണകുമാര്‍ പങ്കുവച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. കൃഷ്ണകുമാറിനെ വിമര്‍ശിച്ചുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. പ്രാകൃത കാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടന്‍ കൃഷ്ണകുമാറിനെ പരാമര്‍ശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ് എന്നാണ് ശാരദക്കുട്ടി പറയുന്നത്.

ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടന്‍ കൃഷ്ണകുമാറിനെ ഒക്കെ പരാമര്‍ശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. 1968ല്‍ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70 കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പില്‍ കുഴി കുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല. ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കല്‍പിച്ച് തന്റെ വംശ ‘മഹിമ’ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാള്‍.

ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാര്‍, അവര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവന്‍കുഞ്ഞ്. ആഹാഹാ, സങ്കല്‍പ ലോകത്തിലെ ബാലഭാസ്‌കരന്‍, സ്വപ്നം കാണുന്ന രാജാവ് അര്‍ദ്ധരാജ്യം കാണാറില്ല. ഇയാള്‍ പഴയകാല സിനിമ വല്ലതും കണ്ട ഓര്‍മ്മയാകും.