‘തുറന്നു കിടക്കുന്ന ജനാലകളിലൂടെ നഗ്‌നമായ കാലുകള്‍ പുറത്തേക്ക് നീട്ടി പിഞ്ചു പെണ്‍കുട്ടികള്‍’ കുറിപ്പ്

1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന ആലിയ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍ സജ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തു വന്ന രണ്ടു പോസ്റ്ററുകളില്‍ യൗവനകാലത്തുള്ള ഗംഗുബായി പിന്നീട് മാഫിയ ക്യൂന്‍ ആയി മാറുന്ന ഗംഗുബായി എന്നിങ്ങനെ രണ്ടു ഗെറ്റപ്പുകളിലായാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

കാമാത്തിപുരിയിലെ തെരുവുകളിലൂടെ എഴുത്തുകാരി മാനസി എന്നെ ഒരിക്കൽ കൊണ്ടുപോയിട്ടുണ്ട്. നിരനിരയായ കെട്ടിടങ്ങളുടെ തുറന്നു കിടക്കുന്ന ജനാലകളിലൂടെ നഗ്നമായ കാലുകൾ പുറത്തേക്ക് നീട്ടിയാട്ടി കയ്യും നീട്ടി ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന പിഞ്ചു പെൺകുട്ടികളുടെ നിർവ്വികാരമായ മുഖങ്ങൾ കാറിലിരുന്ന് കണ്ട് തിരിച്ചു പോകാമെന്ന് ഞാൻ മാനസിയോടു പറഞ്ഞു. അവരൊക്കെ അവിടെ എങ്ങനെയോ എത്തിപ്പെട്ട് രക്ഷപ്പെടാനാകാതെ കുടുങ്ങിപ്പോയവർ . ഇനി ഒരിക്കലും രക്ഷപ്പെടാനാകാതെ പോയവർ . ഇന്ന് ഗംഗുഭായിയുടെ കഥ സിനിമയിൽ കണ്ടത് വീണ്ടും അസ്വസ്ഥതയായി.
കാമാത്തിപുരിയിലെ തന്തയാരെന്നറിയാത്ത കുട്ടികൾക്ക് അച്ഛൻ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ ദേവാനന്ദ് എന്നെഴുതൂ എന്ന് സ്കൂൾ അധികൃതരോട് ഗംഗുഭായി പറയുമ്പോൾ ഉള്ളൊന്നു പിടഞ്ഞു. കരിഞ്ഞ സ്വപ്നങ്ങളെ കീഴടക്കി അതിനു മുകളിലിരുന്നുള്ള അപ്പോഴത്തെ ചിരിയും ധിക്കാരഭാവവും കരൾ കടയുന്നതായി. ദേവാനന്ദിന്റെ നായികയാകാൻ മോഹിച്ചാണല്ലോ ഗംഗ കാമുകന്റെ ചതിയിൽ പെട്ട് കാമാത്തിപുരത്തെത്തുന്നത്.. ഒടുവിൽ അവിടം അവൾ കീഴടക്കുന്നു. അവിടുത്തെ സ്ത്രീകളുടെ രക്ഷകയാകുന്നു. ഗംഗുഭായി കാമാത്തിപുരിയുടെ അധികാരിയാകുന്നു.
ആലിയാ ഭട്ടിന്റെ ഗംഗുഭായി, അരയന്ന നിറമുള്ള വെള്ളസാരിയിൽ ഉറക്കെ ചിരിച്ചും പാടിയും നൃത്തം ചെയ്തും വിടന്മാരെ ചവിട്ടിയും അവരുടെ മുഖത്തു തുപ്പിയും പണം കണക്കു പറഞ്ഞു വാങ്ങിയും വലിയ വേദികളിൽ പ്രസംഗിച്ചും പ്രധാനമന്ത്രിക്കൊപ്പം ഇരുന്നു തർക്കിച്ചും അവകാശങ്ങൾ നേടിയും ലൈംഗികത്തൊഴിലിന്റെ അഭിമാനം വീണ്ടെടുക്കുന്നു.
ഒടുവിൽ പണ്ഡിറ്റ്ജിയുടെ നെഞ്ചിലെ റോസാപ്പൂവ് സ്വന്തം സാരിയിലണിയുന്നുണ്ടവൾ. ഗംഗുഭായി എന്ന വലിയ പോരാളിയുടെ ചിത്രം, ദേവാനന്ദിന്റെ നായികമാരുടേതിനേക്കാൾ പ്രാധാന്യത്തോടെ കാമാത്തിപുരിയിൽ നിറയുന്നു.
ദേവാനന്ദിന്റെ നായികയാക്കുമോ എന്ന കാമുകനോടുള്ള ചോദ്യവും അയാളുടെ വാക്കിലർപ്പിച്ച ആ വിശ്വാസവും ശരീരത്തിൽ ഒരു വിറയലായി പടരുകയാണിപ്പോഴും . പോരാടി വിജയങ്ങൾ നേടുന്നുണ്ടെങ്കിലും എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് ധാരമുറിയാതെ ഒഴുകുന്ന കണ്ണുനീർ ചങ്കുപൊള്ളിക്കുന്നുണ്ട്.
കാമാത്തിപുരി രാവും പകലും ഒരുങ്ങുകയാണ്. വലുതായ ശബ്ദത്തിൽ ചിരിക്കുന്നവരും തെറി പറയുന്നവരും ഉള്ളിൽ ഉറക്കെ വിലപിക്കുന്നത് കേൾക്കാനാകുന്നുണ്ട്. സ്വപ്നങ്ങളുണ്ടായിരുന്ന കാലത്തെ ഓർമ്മിക്കുന്നു പോലുമില്ലെന്ന നിസ്സംഗ മുഖത്തോടെ അവരന്യോന്യം ആശ്വസിപ്പിക്കുന്നതു പോലെ ഒട്ടിപ്പിടിക്കുന്നുണ്ട്..
സ്വപ്നങ്ങൾ കരിഞ്ഞു പോകുന്ന ഓരോ പെൺകുട്ടിയും ഉള്ളിൽ തീവ്രവേദനയാകുന്നു. എവിടെയൊക്കെയാണവർ ചെന്നുപെടുന്നത് !! ഒന്നുറപ്പ് , പക്ഷികളെ വിലക്കു വാങ്ങുന്ന ഒരുടമയും അവരെ പുറത്തേക്കു വിടില്ല.
പുറത്ത് പന്നികൾ ഉറക്കെ ഒച്ചയിടുകയും അണലികൾ ചീറ്റുകയും പിശാചുക്കൾ അലറിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷികളേ നിങ്ങൾക്കു മാത്രമാണ് തീരാദുരിതം …
എസ്. ശാരദക്കുട്ടി
Gargi