Film News

ഇതും കൂടി വായിച്ചിട്ട് പോകൂ… ഒരാള്‍ എങ്കിലും ആത്മവിചിന്തനം നടത്തിയാല്‍ സന്തോഷം!! സയനോര

അയോധ്യ രാമക്ഷേത്രമാണ് രാജ്യത്തെ സജീവ ചര്‍ച്ചാ വിഷയം. താരലോകവും നിരവധി പേരുമാണ് അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പ്രാണപ്രതിഷ്ഠയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് എത്തിയത്. വിഷത്തില്‍ ഗായിക സയനോരയും അയോധ്യ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പിന്നാലെ രൂക്ഷ വിമര്‍ശനവും നേരിട്ടിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സയനോര. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗായികയുടെ പ്രതികരണം. വിവാദമായ പോസ്റ്റ് പങ്കുവച്ച് തന്നെയാണ് സയനോര മറുപടി കുറിച്ചത്

മകള്‍ സെന ചേദിച്ച ചില ചോദ്യങ്ങള്‍ ചേര്‍ത്താണ് സയനോരയുടെ പോസ്റ്റ്. പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാള്‍ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാല്‍ സന്തോഷം’, എന്ന് പറഞ്ഞാണ് സയനോരയുടെ പോസ്റ്റ്.

അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ഗോഡ് ശ്രീകൃഷ്ണന്‍ ആണ് പോലും. എനിക്കും ഇഷ്ടാ ശ്രീകൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്‌കൂള്‍ വിട്ട് വന്ന സെന കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ വിടര്‍ന്ന കണ്ണുകള്‍ നോക്കി ഞാന്‍ പറഞ്ഞു,

”വാവാ ഗോഡ് ഒരേ ഒരാള്‍ മാത്രമേയുള്ളു. ആ ഗോഡ് പക്ഷേ കുറേ വേഷത്തില്‍ ഇരിക്കുന്നുവെന്നേയുള്ളു. ഫാത്തിമ ഗോഡിനെ അല്ലാഹ് എന്നു വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും. നമ്മള്‍ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്നും വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവാ”. ഇതു കേട്ടപ്പോഴാണ് മൂപ്പര്‍ക്ക് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ചുടീവിയിലെ ലിറ്റില്‍ കൃഷ്ണ കാണാന്‍ ഓടി. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളേയും.. ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല’- എന്നായിരുന്നു സയനോര പ്രതിഷ്ഠാ ദിനത്തില്‍ പങ്കുവച്ചത്.

Anu B