‘രണ്ട് മണിക്കൂര്‍ ജീവിതത്തില്‍നിന്ന് പാഴാക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഈ സിനിമ കാണേണ്ടതില്ല’

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രണ്ട് മണിക്കൂര്‍ ജീവിതത്തില്‍നിന്ന് പാഴാക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഈ സിനിമ കാണേണ്ടതില്ല. സിനിമ നല്‍കുന്ന ലാവണ്യാനുഭൂതികളൊന്നും ഇതില്‍നിന്ന് ലഭിക്കാനുമില്ല. ക്രിസ്റ്റഫറിന് അഞ്ചില്‍ രണ്ട് മാര്‍ക്ക് എന്നാണ് ഷബീര്‍ പാലോട് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആരും ഏറെയൊന്നും പ്രതീക്ഷിക്കാത്ത സിനിമയായിരുന്നു ക്രിസ്റ്റഫര്‍ എന്ന് തോന്നുന്നു.
പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ ഒന്നും ഇല്ലാത്ത സിനിമ എന്നത് കച്ചവടപരമായി വലിയ തിരിച്ചടിയാണ്.
പരാജയപ്പെട്ട് നില്‍ക്കുന്ന തിരക്കഥാകൃത്ത്, പൊട്ടിനില്‍ക്കുന്ന സംവിധായകന്‍ എന്നീ ബാധ്യതകള്‍ ക്രിസ്റ്റഫര്‍ ഇറങ്ങുംമുമ്പുതന്നെ അതിനെ നിരാകര്‍ഷകമാക്കിയിരുന്നു.
മമ്മൂട്ടി എന്ന നടന്റെ അതിസൂക്ഷ്മ തിരഞ്ഞെടുപ്പുകള്‍ക്കിടെ ഇത് എവിടന്ന് വന്നെടാ എന്നായിരുന്നു വ്യക്തിപരമായുള്ള വലിയ സംശയം.
സിനിമ കണ്ടപ്പോഴും ആ സംശയം നിലനില്‍ക്കുന്നുണ്ട്.
മികവുകള്‍
1. എത്രതവണ പോലീസായിക്കാണും മമ്മൂട്ടി. എന്നിട്ടും ക്രിസ്റ്റഫറില്‍ അയാള്‍ പുലര്‍ത്തുന്ന നവീനത അമ്പരപ്പിക്കുന്നതാണ്. പെരുമാറ്റ മിതത്വം കൊണ്ട് ശ്രദ്ധേയനാണ് ക്രിസ്റ്റഫറിലെ മമ്മൂട്ടി. അയാളുടെ പല്ല് ഇറുമ്മിയുള്ളള ആ ഇരുത്തവും ചലനങ്ങളുമാണ് സിനിമയുടെ ഒന്നാമത്തെ മികവ്.
2. നല്ല കാസ്റ്റിങ്ങാണ് സിനിമയുടെ. പ്രത്യേകിച്ചും വിനയ് റായ്. അതിന്റെ ക്രെഡിറ്റ് സംവിധായകന് തന്നെയാണ്.
3. വിനയ് റായ് എന്ന വില്ലന്റെ സാന്നിധ്യം സിനിമ കാണുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. അയാളുടെ ചലനങ്ങള്‍ നോട്ടം വര്‍ത്തമാനം….അയാള്‍ മരിച്ചപ്പോള്‍ വലിയ വിഷമംതോന്നിയിരുന്നു.?
4.സിനിമയടെ പശ്ചാത്തല സംഗീതം ഏറെ ഇഷ്ടപ്പെട്ടു. ദൃശ്യങ്ങള്‍ക്കോ സംഭാഷണങ്ങള്‍ക്കോ നല്‍കാനാവാത്ത ഇംപാക്ട് സിനിമക്ക് ബാക്ഗ്രൗണ്ട് സ്‌കോര്‍ നല്‍കുന്നുണ്ട്.
പോരായ്മകള്‍
1. പ്രമേയപരമായി പുതുമയേതുമില്ല എന്നതാണ് ക്രിസ്റ്റഫറിന്റെ പ്രശ്‌നം. നിര്‍ഭയ റഫറന്‍സ്, എന്‍കൗണ്ടര്‍ കോപ്പ്, റേപ്പ്, ആസിഡ് അറ്റാക്ക് എന്നിവയൊക്കെ സിനിമക്കാര് വിട്ടുകഴിഞ്ഞ കാര്യങ്ങളാണെന്ന് തോന്നുന്നു. മിനിമം അഞ്ച് വര്‍ഷംമുമ്പ് ഇറങ്ങേണ്ട സിനിമയാണിത്.
2. ഒരു സിനിമ ആകര്‍കമാക്കാന്‍വേണ്ട പല ഘടകങ്ങള്‍ പലതരത്തില്‍ ചേര്‍ത്തുവച്ച് ഒരു പസില്‍ പോലെയാണ് ക്രിസ്റ്റഫര്‍ ഉണ്ടാക്കിയിരിക്കുന്നത്. മൊത്തത്തില്‍ ഒന്നും തമ്മില്‍ കാര്യമായ ചേര്‍ച്ചയൊന്നും തോന്നില്ല. കാണുന്നവര്‍ക്ക് പലതവണ സിനിമ തുടങ്ങുകയും അവസാനിക്കുകയും ചെയ്‌തെന്ന് തോന്നാനിടയുണ്ട്.
3. ഈ സിനിമ ഏത് വിഭാഗത്തില്‍പ്പെടുമെന്ന് വേര്‍തിരിക്കാനാവില്ല. മര്‍ഡര്‍ മിസ്റ്ററി, ത്രില്ലര്‍, ഫാമിലി ഡ്രാമ, റിവഞ്ച് സ്റ്റോറി എന്നിങ്ങനെ അഴകൊഴമ്പന്‍ സിനിമയാണിത്. കഥ, തിരക്കഥ എന്നിവ ദുര്‍ബലമാണ്.
4. സ്ത്രീപക്ഷമാണ് സിനിമയുടെ പൊളിറ്റിക്‌സ്. പക്ഷെ ആത്യന്തികമായി ഒരു മാച്ചോ പുരുഷന്റെ സംരക്ഷണമാണ് ഇതിലെ സ്ത്രീകള്‍ തേടുന്നതും. പാട്രിയാര്‍ക്കല്‍ സങ്കല്‍പ്പങ്ങളില്‍നിന്ന് മുക്തമാകാത്ത സിനിമ അതിന്റെ പ്രമേയത്തെ സ്വയം റദ്ദ് ചെയ്യുന്നുണ്ട്.
രണ്ട് മണിക്കൂര്‍ ജീവിതത്തില്‍നിന്ന് പാഴാക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഈ സിനിമ കാണേണ്ടതില്ല. സിനിമ നല്‍കുന്ന ലാവണ്യാനുഭൂതികളൊന്നും ഇതില്‍നിന്ന് ലഭിക്കാനുമില്ല. ക്രിസ്റ്റഫറിന് അഞ്ചില്‍ രണ്ട് മാര്‍ക്ക്.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിച്ചത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Gargi