1050.40 കോടി കലക്ഷന്‍ റെക്കോര്‍ഡ്!!! ഒരു രൂപ പോലും പ്രതിഫലം പറ്റാതെ അഭിനയിച്ച് ഷാരൂഖ് ഖാന്‍

നാലുവര്‍ഷത്തിന് ശേഷം കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പത്താന്‍. സംഘപരിവാറിന്റെ സംഘടിത അക്രമത്തെ ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയാണ് ചിത്രം മറുപടി നല്‍കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 1000 കോടിയില്‍ ഏറെയാണ്.

കരിയറിലെ തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ഷാരുഖ് നാല് വര്‍ഷം ബ്രേക്ക് എടുത്തത്. ആ തിരിച്ചുവരവ് തന്നെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുക ലാഭമുണ്ടാക്കിയ ചിത്രം താരത്തിന് സമ്മാനിച്ചത് എത്ര രൂപയാണെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ചിത്രത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം ആയിരുന്നില്ല ഷാരൂഖ് ഖാന്.
ലാഭവിഹിതം പങ്കുവെക്കുന്ന കരാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം എന്നായിരുന്നു ആ കരാര്‍.

270 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് ഗ്രോസ് കളക്ഷന്‍ 657.85 കോടിയും വിദേശത്തെ കലക്ഷന്‍ 392.55 കോടിയുമാണ്. ആകെ 1050.40 കോടിയാണ് കലക്ഷന്‍.

ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്‌സില്‍ നിന്ന് 30 കോടിയും ലഭിച്ചിട്ടുണ്ട്.

അങ്ങനെ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതില്‍ 333 കോടി രൂപ ലാഭം മാത്രമാണ്. ഈ കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്.

Anu