അബിക്ക് ശബ്‌ദം നൽകിക്കൊണ്ടാണ് ഞാൻ മലയാള സിനിമയിലേക്ക് വരുന്നത്, ഷാജു ശ്രീധർ

Follow Us :

മലയാള സിനിമ ലോകത്തും മിമിക്രി കലാരംഗത്തും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന നടനാണ് അന്തരിച്ച കലാകാരൻ അബി. ഇപ്പോഴിതാ നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധര്‍ അബിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. മുൻപ് നടൻ രമേശ് പിഷാരടിയുടെ ഫണ്‍ അപോണ്‍ എ ടൈം എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഷാജു ശ്രീധര്‍ അബിയെക്കുറിച്ച് സംസാരിച്ചത്. അബിയുമൊത്തുള്ള ഓര്‍മകളും അദ്ദേഹത്തിന് വേണ്ടി പെണ്ണു കാണാന്‍ പോയ കഥയും ഷാജു പരിപാടിയിലൂടെ പങ്കു വെച്ചു. മിമിക്രിയില്‍ താന്‍ ദൂരെ നിന്നും നോക്കി കണ്ട ഒരു മഹാത്ഭുതമായിരുന്നു അബി എന്നാണ് നടൻ ഷാജു ശ്രീധര്‍ പറയുന്നത്. അബിക്കാണ് താന്‍ ആദ്യമായി സിനിമയില്‍ ശബ്ദം കൊടുക്കുന്നത്. വാര്‍ധക്യ പുരാണം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ശബ്ദം ഇമിറ്റേറ്റ് ചെയ്യുന്ന റോളാണ് അതില്‍ മൊത്തം.

അതുകൊണ്ട് തന്നെ താന്‍ അദ്ദേഹത്തിന് ശബ്ദം കൊടുത്തു കൊണ്ടാണ് സിനിമയിലേക്ക് വരുന്നതെന്നും ഷാജു ശ്രീധർ പറയുന്നു. ആ വര്‍ഷം തന്നെ തന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര അദ്ദേഹത്തിനൊപ്പമായിരുന്നു എന്നും ഷാജു ഓർക്കുന്നു. അന്നൊരു 18 വയസൊക്കെയേ തനിക്ക് കാണൂ. അന്ന് താന്‍ അബിക്കയുടെ കൂടെ പോയി, അബിക്കയുടെ റൂമില്‍ അബിക്ക എന്നെ താമസിപ്പിച്ചു. അന്ന് ദുബായ് കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആണ് അദ്ദേഹമെന്നും അബിയെപ്പറ്റി ഷാജു പറയുകയാണ്. സ്റ്റേജില്‍ അദ്ദേഹം വരാന്‍ വേണ്ടി ആളുകള്‍ കാത്തിരിക്കുകയായിരിക്കുമെന്നും ഷാജു പറയുന്നു. താന്‍, കോട്ടയം നസീര്‍, സാഗര്‍ ഷിയാസ്, അബിക്ക, തങ്ങള്‍ നാലുപേരുമായിരുന്നു അന്ന് ഷോയ്ക്ക് കയറിയത്. അതൊക്കെ മറക്കാന്‍ പറ്റാത്ത സ്റ്റേജുകളും ക്രൗഡുമായിരുന്നു എന്നും ഷാജു പറയുന്നു. നരേന്ദ്ര പ്രസാദ് സാര്‍ അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അബിക്ക വരുന്ന സമയത്തുള്ള ക്രൗഡ് വേറെ തന്നെയാണ് എന്നാണ് ഷാജു പറയുന്നത്.

വേറെയോർ കാര്യം കൂടി അബിയെപ്പറ്റി പറയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് അബിയുടെ പെണ്ണുകാണലിന്റെ കഥ ഷാജു പങ്കുവെക്കുന്നത്. അബിക്കയ്ക്ക് വേണ്ടി രാത്രിയാണ് പെണ്ണു കാണാന്‍ പോയതെന്ന് ഷാജു പറയുന്നു. പെണ്ണ് കാണാന്‍ അബിക്കയ്‌ക്കൊപ്പം താനാണ് കൂടെ പോകുന്നത്. ഹീറോ ഹോണ്ടയുടെ ചുവന്ന സ്‌പ്ലെണ്ടര്‍ ബൈക്കിലാണ് പോകുന്നത്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയമാണത്. അന്ന് അദ്ദേഹം പറഞ്ഞു, എടാ ഒന്ന് വണ്ടിയില്‍ കയറുമോ എന്ന് ചോദിച്ചിട്ട്, വണ്ടിയില്‍ കയറി പോവുകയാണ് തങ്ങൾ ചെയ്തത്. പകുതി വഴി ഒക്കെ എത്തിയപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഒരു പെണ്ണു കാണാന്‍ പോവുകയാണെന്ന് പറഞ്ഞു.’പാതി രാത്രി പെണ്ണു കാണാന്‍ പോകുന്ന ഒരാളെ ലൈഫില്‍ താന്‍ വേറെ കണ്ടിട്ടില്ല. അവിടെ ചെന്നു സംസാരിച്ചു. അധികം ആള്‍ക്കാരൊന്നുമില്ല അവർക്ക്. കുടുംബം മാത്രമേയുള്ളു. ആ കല്യാണം ഉറപ്പിച്ചു. അങ്ങനെ ആ വിവാഹം നടന്നു. അതിലുണ്ടായ മകനാണ് ഷെയ്ന്‍ നിഗം ,’ എന്നും ഷാജു പറയുന്നു. അതേസമയം മിമിക്രി വേദികളിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെ ആയിരുന്നു അബി. മിമിക്രി അവതരിപ്പിച്ച് സിനിമയിലേക്കെത്തിയ നടനാണ് കലാഭവന്‍ അബി.

സിനിമയിലും അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മിമിക്രി രംഗത്ത് തന്നെയാണ് അബിക്ക് കൂടുതൽ തിളങ്ങാൻ കഴിഞ്ഞത്. നടന്മാരും ഒരു കാലത്തെ മിമിക്രി താരങ്ങളുമായ ദിലീപ് നാദിര്‍ഷ തുടങ്ങിയവര്‍ക്കൊപ്പം ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടു കച്ചവടം തുടങ്ങിയ കാസറ്ററുകളും അബി പുറത്തിറക്കിയിരുന്നു. അബിയുടെ ആമിനത്താത്ത എന്ന പ്രായം ചെന്ന മുസ്ലീം സ്ത്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലാണ് ആദ്യമായി അബി അഭിനയിക്കുന്നത്. തുടര്‍ന്ന് കാസര്‍ഗോഡ് കാദര്‍ഭായി, വാത്സല്യം, സൈന്യം, വാര്‍ധക്യ പുരാണം, മിമിക്‌സ് ആക്ഷന്‍ 500, മഴവില്‍ കൂടാരം, അനിയത്തി പ്രാവ്, രസികന്‍, കൂതറ, താന്തോന്നി, ഹാപ്പി വെഡ്ഡിംഗ്, തൃശ്ശിവപ്പേരൂര്‍ ക്ലിപ്തം തുടങ്ങി ഒരു പിടി സിനിമകളില്‍ അഭിനയിച്ചു. ഒരു കാലത്ത് അമിതാഭ് ബച്ചന്റെ ഹിന്ദി പരസ്യചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നത് അബിയായിരുന്നു. അനീമിയ അബന്ധിച്ച് ചികിത്സയിൽ ആയിരുന്ന അബി 2017ൽ ആണ്‌ വിട പറയുന്നത്.