ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കേണ്ടന്ന് അമ്മ!! ഷെയിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍, കുഴപ്പത്തിലായി ഷെയിൻ നിഗം (വീഡിയോ)

ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നടന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്ന ആവശ്യം അമ്മ തളളിയതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം വന്നത് . നിര്‍മ്മാതാക്കളുടെ സംഘടനയുടെ കൊച്ചിയിലെ ഓഫീസിലാണ് യോഗം ചേര്‍ന്നത്.

അതേസമയം ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും അറിയിച്ചു. വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിനാല്‍ നേരത്തെ ഏഴ് കോടി രൂപയുടെ നഷ്ടപരിഹാരമായിരുന്നു നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. അതില്‍ നിന്നും പിന്മാറിയ സംഘടന ഇപ്പോള്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ട പരിഹാരം നല്‍കാതെ ഇനി നടനുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍.

നേരത്തെ സിനിമകളുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തത്. തുടര്‍ന്നാണ് അമ്മ വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടന്‍ നേരത്തെ ഡബ്ബിംഗിന് തയ്യാറായത്.

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ അനുരഞ്ജന ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നഷ്ടപരിഹാരം വേണമെന്ന് നിര്‍മ്മാതാക്കള്‍ വാശിപിടിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു അറിയിച്ചു. മുന്‍കാലങ്ങളില്‍ എത്രയോ സിനിമകള്‍ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്‌വഴക്കം കൊണ്ടുവരുന്നതിനെതിരെ ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തു. ഇനിയുളള തീരുമാനങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടിയ ശേഷമെ തീരുമാനിക്കാന്‍ കഴിയൂ എന്നും ഭാരവാഹികള്‍ അറിയിച്ചു.

കടപ്പാട് : Indian Cinema Gallery

Krithika Kannan