അക്ഷയ് കുമാർ ചതിച്ചു വെളിപ്പെടുത്തലുമായി ശാന്തിപ്രിയ

തൊണ്ണൂറുകളിലെ തിരക്കുള്ള നായികയായിരുന്നു ശാന്തിപ്രിയ. തമിഴിലും തെലുങ്കിലും മാത്രമല്ല ഹിന്ദി സിനിമകളിലും ശാന്തിപ്രിയ വളരേ സജീവമായിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ആദ്യ നായികയായിരുന്നു ശാന്തിപ്രിയയുടെ ബോളിവുഡിലെ അരങ്ങേറ്റം. 1991ല്‍ പുറത്തിറങ്ങിയ ‘സുഗന്ധ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചത്. ചിത്രം വന്‍വിജയമായി മാറുകയും അക്ഷയ് കുമാറിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയും ചെയ്തു. ഒരു കാലത്ത് താരത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന നടി ഇപ്പോള്‍ അക്ഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അക്ഷയ് തന്നെ വഞ്ചിച്ചതായി ഈയിടെ ഒരു അഭിമുഖത്തില്‍ ശാന്തിപ്രിയ പറഞ്ഞു.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം തിരിച്ചു വരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാല്‍ താരം തന്നെ അവഗണിക്കുകയായിരുന്നുവെന്ന് ശാന്തിപ്രിയ പറയുന്നു. ഇത് തന്നെ മാനസികമായി തകര്‍ത്തെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ഹോളിഡേ’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് അക്ഷയിനെ വീണ്ടും കാണുന്നത്. അന്ന് അദ്ദേഹം നന്നായിട്ടാണ് പെരുമാറിയത്. എന്‍റെ തിരിച്ചു വരവിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ പഴയതുപോലെ നായികയാകാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതെന്നെ ശരിക്കും ഞെട്ടിച്ചു. നിങ്ങള്‍ക്ക് ഇപ്പോഴും നായകനായി അഭിനയിക്കാൻ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് എനിക്ക് നായികയായി അഭിനയിക്കാൻ കഴിയാത്തത്? എന്ന് ചോദിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സിനിമാ മേഖലയില്‍ തുല്യ പരിഗണന ലഭിക്കുന്നില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നെ ബന്ധപ്പെട്ടു. ഒരു സിനിമയ്ക്ക് വേണ്ടി ചിത്രങ്ങള്‍ അയക്കാൻ ആവശ്യപ്പെട്ടു. ഉടനെ ഫോട്ടോ അയച്ചു. പിന്നീട് അതിനെക്കുറിച്ച്‌ ഒരു വിവരവുമുണ്ടായില്ല. പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല. അദ്ദേഹം എല്ലാം മെസേജുകളും കാണുന്നുണ്ടായിരുന്നു. എന്‍റെ അമ്മക്ക് അക്ഷയിനെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇതോടെ അദ്ദേഹത്തെ വിളിക്കുന്നത് നിര്‍ത്താൻ പറഞ്ഞു.” ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാൻ താന്‍ സമ്മതിച്ചത്. ഇന്ന് സഹായിക്കാൻ അവസരം വന്നപ്പോള്‍ തന്നെ ചതിച്ചെന്നും ശാന്തിപ്രിയ കൂട്ടിച്ചേര്‍ത്തു.