Categories: Film News

‘ശ്രീവിദ്യയും കമലും മൈസൂരിൽ ഒന്നിച്ച് താമസിച്ചു’ ; അതോടെ നടിയെ ഭരതനും ഒഴിവാക്കി

ബാലതാരമായെത്തി പിന്നീട് അഭിനയകലയുടെ ഉലകനായകൻ എന്ന വിശേഷണം ഏറ്റുവാങ്ങിക്കൊണ്ട് സിനിമാലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന നടനാണ് കമൽ ഹാസൻ. അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആറ് പതിറ്റാണ്ടിനു ശേഷവും അഭിനയത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം അവസാനിച്ചിട്ടില്ല. പ്രായം വെറും നമ്പര്‍ എന്ന പ്രയോഗം കമല്‍ഹാസനെ സംബന്ധിച്ച് വളരെ യോജിക്കുന്ന ഒന്നാണ്. രൂപമാറ്റം കൊണ്ടും ഭാവാഭിനയം കൊണ്ടും നടനകലയുടെ അവസാന വാക്കാണ് സിനിമാ പ്രേമികൾക്ക് കമൽഹാസൻ. അറുപത്തിയൊമ്പതിൽ എത്തി നിൽക്കുന്ന പ്രിയ താരത്തിന് ലോകത്തുള്ള സിനിമാപ്രേമികൾ അർ‌ധരാത്രി മുതൽ ആശംസകൾ നേരുന്നുണ്ട്. കമൽഹാസന്റെ പേര് ചർച്ചയാകുമ്പോൾ എപ്പോഴും ഒപ്പം മുഴങ്ങി കേൾക്കാറുള്ള ഒരു പേരാണ് അന്തരിച്ച നടി ശ്രീവിദ്യയുടേത്. ഇരുവരുടെയും പ്രണയവും അതിന്റെ തകർച്ചയും അക്കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. അപൂർവരാ​ഗങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങിനിടയിലാണ് കമലും ശ്രീവിദ്യയും പ്രണയത്തിലായത്. എന്നാൽ പല കാരണങ്ങളാൽ ഇരുവർക്കും ഒന്നിക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ കമൽഹാസന്റെ അറുപത്തിയൊമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കമൽഹാസൻ-ശ്രീവിദ്യ പ്രണയത്തെ കുറിച്ചും ഭരതൻ-കെപിഎസി ലളിത വിവാഹം നടന്നതിന് പിന്നിലെ കാരണവുമെല്ലാമാണ് സ്വന്തം ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ശാന്തിവിള ദിനേശ് വിശ​ദീകരിച്ചിരിക്കുന്നത്. ശ്രീവിദ്യയെ തോൽപ്പിക്കാൻ വേണ്ടിയാണ് ഭരതൻ കെപിഎസി ലളിതയെ വിവാഹം ചെയ്തതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

കെ.ബാലചന്ദറിനെ പരിചയപ്പെട്ടതും അപൂർവരാ​​ഗങ്ങൾ എന്ന സിനിമ ചെയ്തതും കമൽ ഹാസന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ചിത്രത്തിൽ ശ്രീവിദ്യയായിരുന്നു നായിക. പ്രായത്തിൽ മൂത്ത സ്ത്രീയുമായുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. രജിനികാന്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.’ ‘സിനിമയുടെ ഷൂട്ട് പൂർത്തിയായപ്പോഴേക്കും കമൽ ഹാസനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായി. സംഭവം രണ്ടുപേരുടെയും വീട്ടിൽ അറിഞ്ഞു. ഒരു കാതൽ മന്നനാണല്ലോ കമൽഹാസൻ. പ്രണയം അറിഞ്ഞ് അതിൽ നിന്നും പിന്മാറാൻ അമ്മ വസന്തകുമാരി ശ്രീവിദ്യയോട് പറഞ്ഞു. പക്ഷെ അതൊന്നും ശ്രീവിദ്യ അനുസരിച്ചില്ല. അവസാനം അമ്മയും ശ്രീവിദ്യയുടെ വാശിക്ക് മുന്നിൽ തോറ്റു. അങ്ങനെ കമൽഹാസൻ-ശ്രീവിദ്യ പ്രണയം പല വഴികളിലൂടെ നീങ്ങി. അവസാനം വിവാഹം എന്ന ഘട്ടം എത്തിയപ്പോൾ ശ്രീവിദ്യയുടെ വാശിക്ക് മുന്നിൽ വീഴാതെ കമൽഹാസൻ നിന്നു. എന്തുകൊണ്ടാണ് തങ്ങൾ വിവാഹിതരാകാതെ പോയതെന്ന് ശ്രീവിദ്യയോ കമലോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

അങ്ങനെ ആ പ്രണയം അവസാനിച്ചു.’ ‘അവിടം മുതൽ ശ്രീവിദ്യയുടെ പ്രണയം സംവിധായകൻ ഭരതനിലേക്ക് പറിച്ച് നട്ടു. പക്ഷെ നന്നായി പ്രണയിച്ചപ്പോൾ പോലും ശ്രീവിദ്യയെ ഭരതൻ വിശ്വസിച്ചില്ല. കമലുമായി ശ്രീവിദ്യ പ്രണയം തുടരുന്നുവെന്നതായിരുന്നു ആ വിശ്വാസക്കുറവ് ഭരതന് വരാൻ കാരണം. ഷൂട്ടിനായി ശ്രീവിദ്യയും കമലും പോയപ്പോൾ മൈസൂരിൽ ഒന്നിച്ച് താമസിച്ചതിനുള്ള തെളിവ് ഭരതന് കിട്ടിയെന്നും പറയപ്പെടുന്നു. അതോടെ ശ്രീവിദ്യയുമായുള്ള പ്രണയം ഭരതൻ അവസാനിപ്പിച്ചു. ശ്രീവിദ്യ-ഭരതൻ പ്രണയത്തിനിടയിലെ ഹംസമായിരുന്നു കെപിഎസി ലളിത. ശ്രീവിദ്യയെ തോൽപ്പിക്കാൻ വേണ്ടിയാണ് പിന്നീട് ഭരതൻ കെപിഎസി ലളിതയെ കല്യണം കഴിച്ചത്. പക്ഷെ ലളിതയുമായുള്ള വിവാഹ ശേഷവും ഭരതൻ സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിരുന്നുവെന്നും’, ശാന്തിവിള ദിനേശ് പറയുന്നു. ശ്രീവിദ്യ മരണക്കിടക്കയിലായിരുന്ന സമയത്ത് നടിയെ കാണാൻ കമൽഹാസൻ വന്നിരുന്നു. കമൽ സന്ദർശിച്ച് മടങ്ങി ദിവസങ്ങൾക്കുള്ളിൽ ശ്രീവിദ്യ അന്തരിച്ചു. കമലിനെപ്പോലെ തന്നെ അസാമാന്യ പ്രതിഭയും സൗന്ദര്യവുമുള്ള നടിയായിരുന്നു ശ്രീവിദ്യ. അതുകൊണ്ട് തന്നെ ഇന്നും ആ വേർപാട് മലയാള സിനിമയിൽ ഒരു വലിയ വിടവ് തന്നെയാണ്.

Sreekumar R