Categories: Film News

‘സുരേഷ് ഗോപിക്കെതിരെ പ്രചരിക്കുന്ന കാർഡ്’ ; പ്രതികരിച്ച് ഷാജി കൈലാസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. അതുപോലെ തന്നെ മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടേതും ഷാജി കൈലാസിന്റേതും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് കിട്ടിയത് തീ പാറുന്ന സൂപ്പർഹിറ്റ്  സിനിമകളായിരുന്നു. സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കമ്മീഷണര്‍ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം അടക്കം നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനുമാണ് ഷാജി കൈലാസ്. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുകയാണ്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് വനിതാ മാധ്യമ പ്രവർത്തകയോട് സുരേഷ്‌ഗോപി മോശമായി പെരുമാറി എന്നാരോപിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വരികയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

താന്‍ സുരേഷ് ഗോപിക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്‍ഡിനെതിരെയാണ് ഷാജി കൈലാസ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് ഷാജി കൈലാസ് പറയുന്നു. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണമായും കയ്യില്‍ നിന്ന് പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പല തവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റൈലില്‍ തട്ടിക്കയറി” എന്ന് ഷാജി കൈലാസ് പറഞ്ഞതായുള്ള കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക.. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍” എന്നാണ് ഷാജി കൈലാസ് പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും ഷാജി കൈലാസ് പറയുന്നു. അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത് എന്നാണ് ഷാജി കൈലാസ് വ്യാജ വാര്‍ത്തയെക്കുറിച്ച് പറയുന്നത്.
അതേസമയം ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരുണ്‍ വര്‍മയാണ് സിനിമയുടെ സംവിധാനം. മിഥുന്‍ മാനുവല്‍ തോമസാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭിരാമി, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജെഎസ്‌കെ, ഒരു പെരുംകളിയാട്ടം തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി അണിയറയിലൊരുങ്ങുന്നത്.

Sreekumar R