Categories: Film News

‘തീയേറ്ററിൽ സിനിമകൾ ഓടും ഫുഡ് കൊണ്ട് പോകാൻ അനുവദിച്ചാൽ’ ; വെളിപ്പെടുത്തി ഷീല

ഉന്നതിയിൽ നിന്നിരുന്ന മലയാള സിനിമ കൊവിഡിന് ശേഷം നല്ലൊരു വരുമാനം കണ്ടെത്തുന്നതിൽ വിജയം കൈ വരിക്കാൻ കഴിയാതെ മുന്നോട്ട് പോവുകയാണ്. എന്നാൽ സിനിമകള്‍ ഓടാത്തതിന് പിന്നിൽ തിയേറ്ററില്‍ ഫുഡ് കൊണ്ടു പോകാന്‍ അനുവദിക്കാത്തതാണെന്ന് പറയുകയാണ് നടി ഷീല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘തിയേറ്ററില്‍ ഫുഡ് കൊണ്ടുപോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്. തിയേറ്ററില്‍ ചോറും കറിയും കൊണ്ടു പോകണ്ട.’ എന്തേലും ഒരു പോപ്‌കോണോ ബിസ്‌കറ്റോ വെള്ളമോ കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍… എന്തൊരു ബിസിനസ് മൈന്‍ഡ് ആണിത്. ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ഓടാതിരിക്കാനും ആള്‍ക്കാര്‍ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം. അത് കഴിക്കുമ്പോൾ തിയേറ്ററില്‍ അഴുക്ക് ആവില്ലേ.’ ‘തിയേറ്ററിനകത്ത് ഇതൊക്കെ താഴെ വീഴുന്നു അപ്പോള്‍ എലി വരും എന്നൊക്കെ പറയുന്നു. അവരുടെ ഫുഡ് കഴിച്ചാല്‍ ഒന്നും ആവത്തില്ലേ… സാന്‍വിച്ചും എല്ലാം താഴെ വീഴില്ലേ. തിയേറ്ററില്‍ എന്തെങ്കിലും കൊണ്ടു പോകാന്‍ സമ്മതിക്കണം. ഈ തിയേറ്ററുകള്‍ നില നില്‍ക്കണമെങ്കില്‍ അവിടെ ഫുഡ് എടുത്ത് കൊണ്ടു പോകാന്‍ സമ്മതിക്കണം.’ അവര്‍ക്ക് അത് വലിയ ലാഭമല്ലേ. ഒരാള്‍ക്ക് അവിടെ വന്ന് ഒരു കട വെയ്ക്കാം. കൊക്കൊകോള വിക്കാം… അവിടെ എഴുതി കാണിക്കുന്നുണ്ട്. കൊക്കൊകോള വളരെ ചീത്തയാണെന്ന്.

പക്ഷെ അതാണ് അവിടെ വെച്ച് വില്‍ക്കുന്നത്. സിനിമയുടെ തിയേറ്ററിന്റെ നിലനില്‍പ്പിന് ഫുഡ് എടുത്ത് കൊണ്ടു പോകാന്‍ സമ്മതിക്കണം. തിയേറ്ററിന് അകത്ത് ഫുഡ് കൊണ്ടു പോകണം’, എന്നാണ് ഷീല പറഞ്ഞത്. തമിഴിൽ നിന്നും കേരളത്തിൽ ലിയോ, വിക്രം, ജയിലർ പോലുള്ള സിനിമകൾ പ്രദർശനത്തിന് എത്തുമ്പോൾ ആളുകളുടെ കുത്തൊഴുക്ക് തിയേറ്ററിലേക്ക് ഉണ്ടാകാറുണ്ടെങ്കിലും മലയാള സിനിമകൾ കാണാൻ പഴയതു പോലൊരു തള്ളിക്കയറ്റം ഇപ്പോൾ തീയേറ്ററുകളിൽ ഇല്ലെന്നതാണ് സത്യം. എന്നാൽ എല്ലാ മാസവും  അഞ്ചിലധികം മലയാള സിനിമകൾ എങ്കിലും ചെറുതും വലുതുമായി റിലീസ് ചെയ്യാറുമുണ്ട്. പക്ഷെ അതിൽ സാമ്പത്തിക ലാഭം നേടുന്ന സിനിമകൾ വളരെ കുറവാണ്. അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ഒരു സിനിമ കണ്ണൂർ സ്ക്വാഡ് മാത്രമാണ്.

റിയലിസ്റ്റിക്ക് സിനിമകളും ചെറു സിനിമകളും മാത്രമാണ് മലയാളത്തിൽ നിന്നും അടുത്തിടെയായി തിയേറ്ററുകളിൽ എത്തുന്നത്. അതേസമയം സിനിമാ റിവ്യൂവേഴ്സാണ് മലയാള സിനിമയ്ക്ക് ആളുകേറാത്തതിന് കാരണമെന്നാണ് മലയാള സിനിമ നിർ‌മാതാക്കൾ പറയുന്നത്. റിവ്യൂ ബോംബിങ് നടത്തി സിനിമയെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചില സിനിമാ പ്രവർത്തകർ കേസ് നൽകിയിട്ടുമുണ്ട്. ഇനിയുള്ള മാസങ്ങളിൽ ദിലീപ്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമകളാണ് വരാനിരിക്കുന്നത്. അതിൽ ദിലീപിന്റെ ബി​ഗ് ബജറ്റ് സിനിമ ബാന്ദ്ര ഈ വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം ദിലീപിന്റെ  മാസ് ആക്ഷൻ പ്രണയ ചിത്രമായാണ് ബാന്ദ്ര  തിയേറ്ററുകളിലേക്ക് എത്തുന്നത്. തമന്ന നായികയായ സിനിമ നാൽപ്പത് കോടി മുതൽ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. നവംബറിൽ തന്നെ മമ്മൂട്ടി-ജ്യോതിക സിനിമ കാതലും തിയേറ്ററുകളിലേക്ക് എത്തും. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ പ്രഖ്യാപനം മുതൽ ആളുകൾ ഉറ്റു നോക്കുന്ന സിനിമയാണ്. ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന നേര് തിയേറ്ററുകളിലെത്തും. ചിത്രം ക്രിസ്മസ് റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശാന്തി മായാദേവിയാണ്. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ മേഖല പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകർ.

Sreekumar R