‘എസ്‌കേപ്പ് ഫ്രം ഡസേര്‍ട്ട്’ എന്നായിരുന്നു സിനിമയ്ക്ക് കുറച്ചു കൂടി ചേരുന്ന പേര്!!

പൃഥ്വിരാജിനെ നായകനാക്കി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബ്ലെസിയൊരുക്കിയ ക്ലാസിക് ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലേക്ക് എത്തിച്ചിരിക്കുന്നത്. മലയാളിയായ നജീബ് എന്നയാള്‍ വിദേശജോലി സ്വപ്നം കണ്ട് ഗള്‍ഫില്‍ എത്തി ചതിക്കപ്പെട്ട് അടിമ ജീവിതം നയിക്കുന്നതാണ് കഥ. ചിത്രം മികച്ച പ്രതികരണവുമായി തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ദിവസങ്ങള്‍ കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബിലിടം പിടിച്ചിരുന്നു.

ചിത്രത്തിനെ കുറിച്ച് ശ്യാം പ്രസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്യാമിന്റെ കുറിപ്പ്. ആടുജീവിതം അഥവാ എസ്‌കേപ്പ് ഫ്രം ഡെസേര്‍ട്ട് എന്ന തലക്കെട്ടിലാണ് ശ്യാമിന്റെ പോസ്റ്റ്.

ചിന്തകള്‍ ഫ്രെയിമിലേക്ക് പകര്‍ത്തുക എന്നത് ചില്ലറ കാര്യമല്ല. നോവല്‍ വായിച്ചതു കൊണ്ടാവണം നോവലും സിനിമയും തമ്മില്‍ വലിയ അന്തരമുണ്ട് എന്ന് എനിക്ക് അനുഭവപ്പെട്ടത്. ആ ടു ജീവിതം എന്ന കഥയിലുടനീളം പ്രകടമാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒന്നു പോലും സിനിമയില്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. ആടുജീവിതം എന്നതിനപ്പുറം എസ്‌കേപ്പ് ഫ്രം ഡസേര്‍ട്ട് എന്നായിരുന്നു സിനിമയ്ക്ക് കുറച്ചു കൂടി ചേരുന്ന പേര്. സിനിമയുടെ സിംഹഭാഗവും അപഹരിച്ചത് നജീബിന്റെ രക്ഷപ്പെടല്‍ സീനുകളായിരുന്നു. കൂടാതെ എടുത്തു പറയേണ്ടത് സാധാരണ ബ്ലെസി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കഥാപാത്രങ്ങള്‍ക്ക് ഒരു ഡെപ്ത് ഉള്ളതായി തോന്നിയിട്ടേയില്ല.

തട്ടമിട്ട ഐറിന്‍ ( ഒരു ഇന്ത്യന്‍ പ്രണയ കഥ) ആയി അമല പോള്‍.

പൃത്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി എടുത്ത എഫേര്‍ട്ട്‌സ് മാനിച്ചുകൊണ്ടുതന്നെ പറയട്ടെ സിനിമയിലെ പെര്‍ഫെക്റ്റ് മിസ്‌കാസ്റ്റ് പ്രിത്വി തന്നെയാണ്. ഫഹദ് ഫാസില്‍ ചെയ്തിരുന്നുവെങ്കില്‍ പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യുമായിരുന്ന കഥാപാത്രം.

ഹൈസ്‌കൂള്‍ ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഭിക്ഷക്കാരായോ കുഷ്ഠരോഗിയായോ ഒക്കെ വേഷമിട്ടുകൊടുക്കുന്ന ആരോ ചെയ്തു വച്ചതുപോലെയുള്ള മേക്കപ്പ്. 90കളുടെ ആദ്യ പകുതിയില്‍ ഗള്‍ഫിലെത്തിയ നായകന്‍ പുതിയ മോഡല്‍ പാസ്സ്‌പോര്‍ട്ട് ഒക്കെ കാണിക്കുന്നുണ്ട്.

സിനിമ മൊത്തത്തില്‍ കഥയുമായി നീതി പുലര്‍ത്തിയോ? എന്നാണ് കുറിപ്പില്‍ ശ്യാം ചോദിക്കുന്നത്.