പക്ഷേ അവിടെ തോറ്റ് പിന്മാറാൻ ഉണ്ണി തയ്യാറായില്ല ; ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. സിനിമയുമായി ഒരു പരിചയവുമില്ലാതിരുന്ന ഉണ്ണി തന്റെ ആത്മാർത്ഥമായ പ്രയത്നത്തിലൂടെയാണ് സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുന്നത് ഉണ്ണി മുകുന്ദനെ കുറിച്ച് സിബി മലയിൽ പറഞ്ഞ കാര്യങ്ങളാണ്. “ലോഹിതദാസ് മരിക്കുന്നത് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു.

താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തൻറെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എൻറെ അടുത്തേക്ക് വന്നു- സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിൻറെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു.

അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാൻ ആദ്യം കണ്ടുമുട്ടിയത്. പക്ഷേ അവിടെ തോറ്റ് പിന്മാറാൻ ഉണ്ണി തയ്യാറായില്ല. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ. ഒരു താരത്തിൻറെ വളർച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏറ്റവും പെട്ടെന്ന് സാധിക്കട്ടെയെന്ന് ആശംസിക്കുകയാണ്.” എന്നായിരുന്നു സിബി മലയിൽ ഉണ്ണി മുകുന്ദനെ കുറിച്ചത് പറഞ്ഞത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.