Categories: Film News

ഇത്രയും സൈബര്‍ അറ്റാക്ക് നേരിടേണ്ടതുണ്ടോ ലിനുലാലും കുടുംബവും?

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഗായകന്‍ ലിനുലാലിനും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിന്‍സി അനില്‍. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിനെ കുറിച്ചുള്ള ലിനുലാലിന്റെ വീഡിയോ കണ്ടു എന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചിരുന്നു എന്നും സിന്‍സി പറയുന്നു.

എന്നാല്‍ ഇതേ സംബന്ധിച്ച് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും സമ്മതിച്ച് കൊടുക്കാവുന്നതല്ല എന്നാണ് സിന്‍സി ഫേസ്ബുക്കില്‍ കുറിച്ചത്. ഏകദേശം 4 വര്‍ഷമായി ലിനുലാലിനെ എനിക്ക് അറിയാം… അടുത്ത സുഹൃത്തൊന്നുമല്ലെങ്കിലും അയാളുടെ ഭാര്യയും ഞാനും സുഹൃത്തുക്കള്‍ ആയിരുന്നത് കൊണ്ട് അയാളുടെ കുടുംബ പശ്ചാതലം എനിക്ക് കേട്ടു അറിവുള്ളതാണ്…കുറച്ചു നാള്‍ മുന്‍പ് മരടിലെ ഫ്‌ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാം..

ഞാന്‍ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല…എന്നും സിന്‍സി ഓര്‍മ്മിപ്പിക്കുന്നു. അത്യാവശ്യം ദാരിദ്ര്യം അനുഭവിച്ച് അതിലും സംഗീതം മുറുകെ പിടിച്ചു സ്വന്തം പ്രയത്‌നത്തിലൂടെ ജീവിതം കെട്ടിപ്പടുന്ന വ്യക്തിയാണ് ലിനുലാല്‍. അയാളുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് കണ്ട് സങ്കടം തോന്നിയെന്നാണ് സിന്‍സി പറയുന്നത്. വെറുതെ അല്ല നിന്റെ കിടപ്പാടം പോയത് എന്നായിരുന്നു ആ കമന്റ് എന്നും ഇവര്‍ പറയുന്നു.

ഒരാള്‍ മിച്ചം പിടിച്ചു സ്വരുകൂട്ടി ഒരു സ്വപ്നഭവനം വാങ്ങിയിട്ട് കണ്മുന്നില്‍ അത് ഇടിച്ചു പൊളിച്ച് നീക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ഒരു കുടുബത്തോട് ഇത്രയും ദയ ഇല്ലാതെ സംസാരിക്കാന്‍ മാത്രം സംസ്‌കാര ശൂന്യരാകുന്നുണ്ടോ നമ്മളൊക്കെ…എന്നാണ് ഇത്തരം കമന്റുകള്‍ ഇടുന്നവരോട് സിന്‍സി ചോദിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് പക്ഷേ അത് മറ്റൊരാളെ കൂര്‍ത്ത വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നത് ആകരുത് എന്നും സിന്‍സി പറയുന്നു. ഇത്രയും സൈബര്‍ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും എന്നും സിന്‍സി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Nikhina