സിനിമയെ ജീവവായുവാക്കി…! ഈ നടന്മാര്‍ നമ്മളെ പഠിപ്പിച്ചത്..! കുറിപ്പ്

എത്ര നാള്‍ സിനിമാ രംഗത്ത് നിന്നു എന്നതുപോലെ തന്നെ തന്റെ എത്ര കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എന്നതിലാണ് ഓരോ അഭിനേതാവും തന്റെ വിജയം കണ്ടെത്തുന്നത്. എന്നാല്‍ ആ ഒരു ദിവസത്തിന് വേണ്ടി നമ്മള്‍ കാത്തിരിക്കണം. അതുപോലെ കാലങ്ങള്‍ ഏറെയായി ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് സ്വന്തം കഴിവ് തെളിയിക്കാന്‍ ഒരു അവസരത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്ന രണ്ട് കലാകാരന്മാരാണ് റോണി ഡേവിഡ് രാജും അലക്‌സാണ്ടര്‍ പ്രശാന്തും. ഇപ്പോഴിതാ ഈ മികച്ച രണ്ട് നടന്മാരെ കുറിച്ച് മനു വര്‍ഗീസ് എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ക്ഷമയോടെ കാത്തിരുന്നു സിനിമയുടെ മുഖ്യ ധാരയിലേക്ക് കടന്നു വന്ന രണ്ട് നടന്മാര്‍..എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരേയും കുറിച്ചുള്ള കുറിപ്പ് മനു എഴുതി തുടങ്ങുന്നത്. നമ്മള്‍ എന്ന ചിത്രം മുതലാണ് അലക്‌സാണ്ടര്‍ പ്രശാന്ത് എന്ന നടനെ താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. ജിഷ്ണുവും സിദ്ധാര്‍ത്ഥിനുമൊപ്പമുള്ള പേരില്ലാത്ത ഒരു കൂട്ടുകാരന്‍.പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രം ചെയ്യാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു…എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവിലെ രാഷ്ട്രീയക്കാരന്‍ ജോസ് പൊറ്റക്കുഴിയായും ഒരു മുറൈ വന്ത് പാര്‍ത്തായയിലെ കുര്യച്ചനായും കടം കഥയിലെ സുഭാഷായും ഓപ്പറേഷന്‍ ജാവയിലെ ബഷീറായും മധുരരാജയിലെ വികസന നായകന്‍ ക്‌ളീറ്റസ്സായും നൈറ്റ് ഡ്രൈവിലെ പ്രാഞ്ചിയായും ഒക്കെ തനിക്കു ലഭിച്ച കഥാപാത്രങ്ങളെ ഭംഗിയാക്കാന്‍ പ്രശാന്തിന് കഴിഞ്ഞതായി കുറിപ്പില്‍ എഴുതിയിരിക്കുന്നു.

അതേസമയം, റോണിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ചോക്ലേറ്റ് എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ സുഹൃത്തായാണ് റോണി മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നോ രണ്ടോ ഡയലോഗുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സൈഡ് വേഷങ്ങളില്‍ എത്തിയ താരം പിന്നീട്.. പിന്നീട് ആനന്ദത്തിലെ ചാക്കോ സാറായും ബെസ്റ്റ് ആക്ടറിലെ ജയകാന്തന്‍ ആയും ഉണ്ടയിലെ അജി പീറ്റര്‍ ആയും ഹെലനിലെ മാനേജര്‍ ആയും നിഴലിലെ രാജനായും കെട്ടിയോളാണ് എന്റെ മാലാഖയിലെ റിച്ചാര്‍ഡായും ഒക്കെ മികച്ച കഥപാത്രങ്ങളെ അവതരിപ്പിക്കാന്‍ റോണിക്ക് കഴിഞ്ഞു എന്ന് കുറിപ്പില്‍ പറയുന്നു.

കുറച്ച് മാത്രം ശ്രമിച്ച് പിന്നീട് നല്ല വേഷങ്ങള്‍ കിട്ടാതെ വരുമ്പോള്‍ സിനിമയെ ശപിച്ച് ആ സ്വപ്നത്തില്‍ നിന്ന് അകന്നു പോകുന്നവരാണ് നമ്മളില്‍ പലരും എന്നും എന്നാല്‍, സിനിമയെ ജീവവായുവാക്കി പതിയെ കാത്തിരുന്ന് ക്ഷമയോടെ അതിനെ എങ്ങനെ സ്വന്തമാക്കാം എന്ന് ഈ നടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് മനു വര്‍ഗീസ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Aswathy