പുറത്തേക്കുള്ള വാതിലെന്ന് കരുതി തുറന്നത് കോക്ക്പിറ്റിന്റെ വാതില്‍!! ഷൈന്‍ ടോം ചാക്കോയ്ക്ക് സംഭവിച്ചത് ഇങ്ങനെ-സോഹന്‍ സീനുലാല്‍

ദുബായി വിമാനത്താവളത്തില്‍ വച്ച് കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തയില്‍ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സോഹന്‍ സീനുലാല്‍. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും സംവിധായകന്‍ പറഞ്ഞു. ഷൈന്റെ പെരുമാറ്റത്തില്‍ ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

ദുബായ് എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നു.

രാവിലെ വിമാനത്തില്‍ എത്തിയപ്പോള്‍ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്കുള്ള വാതില്‍ എന്നും കരുതി കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങി. വിസിറ്റ് വിസ ആയതിനാല്‍ അതില്‍ എക്‌സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിഞ്ഞില്ല. അതാണ് വാര്‍ത്തകള്‍ക്കിടയാക്കിയതെന്നും സോഹന്‍ പറഞ്ഞു.

ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് ഷൈന്‍ അടക്കമുള്ള സംഘം ദുബായിലെത്തിയത്. സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

അബദ്ധത്തിലാണ് കോക്പിറ്റില്‍ കയറാനിടയായതെന്ന് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ എ ഐ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവങ്ങള്‍.

Anu B