സാരീ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ മനം കവര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി സതീഷ്. സാരി ഫോട്ടോകള്‍ കണ്ടാണ് ആര്‍ജിവി മോഡലിനെ അന്വേഷിച്ചിറങ്ങിയത്. ആ അന്വേഷണവും ഒടുവില്‍ ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയെ കണ്ടെത്തിയത്. നേരിട്ട് തന്നെ ആര്‍ജിവി ശ്രീലക്ഷ്മിയെ വിളിച്ച് ബോളിവുഡിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു.
താന്‍ കണ്ടതില്‍ വച്ച് സാരിയില്‍ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി എന്നാണ് ആര്‍ജിവി പറഞ്ഞത്. പിന്നാലെ സാരി എന്ന പേരില്‍ സിനിമയെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുകയാണ് ആര്‍ജിവി. അന്താരാഷ്ട്ര സാരി ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
സാരി എന്നാണ് സിനിമയുടെ പേര്. സാരിയിലുള്ള ശ്രീലക്ഷ്മിയാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആര്‍ജിവിയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീലക്ഷ്മിയുടെ വൈറല്‍ സാരീ വീഡിയോ പകര്‍ത്തിയ ആഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. അതേസമയം സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ടെന്നും ആര്‍ജിവി പങ്കുവച്ചു. ഇനി മുതല്‍ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്ന പേരിലാകും അറിയപ്പെടുക. സോഷ്യല്‍ മീഡിയയിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.