സുരേഷേട്ടനും സുമലതടീച്ചറും കാഴ്ചകൾക്കും കേൾവികൾക്കും കൗതുകവും ഭംഗിയുമൊക്കെ ഒരുക്കിയവർ മാത്രമല്ല !!

രസകാഴ്ചകളൊരുക്കുന്ന മനുഷ്യരിലെ നിഷ്കളങ്കതയെയൊക്കെ പരിഹസിക്കേണ്ടതായല്ല, ആസ്വദിക്കേണ്ടതായുണ്ട്. നോട്ടങ്ങൾ കൊണ്ടും ചിരികൾ കൊണ്ടും വർത്തമാനങ്ങൾ കൊണ്ടും കൊഞ്ചലുകളിലെ നന്മകൾ കൊണ്ടും അത്രയും കണക്റ്റടാകുന്ന മനുഷ്യരെയും അവരുടെ ആനന്ദത്തെയുമൊക്കെ നിറഞ്ഞ പുഞ്ചിരികൾ കൊണ്ട് നോക്കികാണേണ്ടതായുമുണ്ട്. നോക്കൂ, ഇവരൊക്കെ ഭയങ്കര രസമുള്ളവരാണ്.പലപ്പോഴും നമ്മളൊക്കെ മറന്ന് പോകുന്ന മനുഷ്യ സന്തോഷങ്ങളിലെ ടിപ്പും ഗുട്ടൻസുമൊക്കെ ഇവരൊക്കെ എന്ത് കിടിലമായാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൊണ്ട്ചെത്തിക്കുന്നതും. എന്നാൽ നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിൽ നന്നേ ചേർന്നിരിക്കുന്ന ചിലരെയൊക്കെ കാണുമ്പോൾ ഒന്നുകിൽ ഇവരെന്ത് ചേർച്ചയാണ് അല്ലെങ്കിൽ ചേരേണ്ടവർ ചേർന്നൊക്കെ പറഞ്ഞുവെയ്ക്കും.ഇതിലൊന്നാമത്തേതിന് പ്രശംസയുടെ ധ്വനിയാണെങ്കിൽ രണ്ടാമത്തേതിൽ പരിഹാസവും പുച്ഛവുമൊക്കെയാണ്. ഈ പരിഹാസമെന്നതിൽ മനുഷ്യരുടെ തന്നെ നിറവും,പ്രായവും പൊക്കവും സൗന്ദര്യവും സമ്പാദ്യവുമൊക്കെ കടന്ന് വരും.

അവൾ/ അവൻ എന്ത് കണ്ടിട്ടാണ് അവനെ/ അവളെ സ്നേഹിച്ചതെന്നോ , കെട്ടിയതെന്നോ എന്നൊക്കെ വായിൽ തോന്നുന്നതൊക്കെ പറയുന്ന മനുഷ്യകൂട്ടങ്ങളും ചെറുതൊന്നുമല്ല! അവിടെയാണ് സുമലത ടീച്ചറുടെ “വക്കീലിന്റെ സൗകര്യത്തിനല്ല” എന്നുറക്കെ പറയുന്നതിന് പ്രാധാന്യമേറുന്നത്. തോന്നും വിധത്തിൽ ഒരു കൂസലുമില്ലാതെ മനുഷ്യരെ അനായാസമായി ജഡ്ജ് ചെയ്യുന്ന എല്ലാകൂട്ടർക്കുമുള്ള മറുപടിയെന്ന നിലയിൽ അതിനെ വായിച്ചെടുക്കുമ്പോൾ അതിലൊരു ധ്വനിയുമുണ്ട്. സുരേഷേട്ടനും സുമലതടീച്ചറും കാഴ്ചകൾക്കും കേൾവികൾക്കും കൗതുകവും ഭംഗിയുമൊക്കെ ഒരുക്കിയവർ മാത്രമല്ല. മനുഷ്യരങ്ങനെ പരസ്പരമറിഞ്ഞ്‌, പരസ്പരമിണങ്ങി ചേർന്നിരിക്കിമ്പോൾ അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നുമില്ലെന്ന് തെളിയിച്ചവർ കൂടിയാണ്!

Rahul Kochu