ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ല, വിധി വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനെ

ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതും കോടതി ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു. അതോടെ ആസന്നമായ മണ്ഡലകാലത്ത് എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വെട്ടിലാകും. ഫലത്തില്‍ ശബരിമല യുവതീപ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി നിലനില്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന 10 നും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്. നിലവിലെ വിധി പുനഃപരിശോധയ്ക്ക് വിധേയമാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വേണമെങ്കില്‍ സര്‍ക്കാരിന് വിവാദത്തില്‍ നിന്നും കരകയറാം. പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ സര്‍ക്കാറിന് തീരുമാനിക്കാം.അങ്ങനെയെങ്കില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മടക്കിയയയ്ക്കാം.

അതേസമയം, യുവതീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന നിലപാട് സര്‍ക്കാരിന് സ്വീകരിക്കുകയും ചെയ്യാം. അങ്ങനെയെങ്കില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനം വരുംവരെ സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള തീരുമാനം സര്‍ക്കാരിന് കൈക്കൊള്ളാം.ഇതില്‍ ഏത് നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും എന്നതാണ് കേരളം കാത്തിരിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും സുപ്രീംകോടതി യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാട് സ്വീകരിച്ചുകഴിഞ്ഞു. അതേസമയം, പന്തളം കൊട്ടാരവും ശബരിമല തന്ത്രി കുടുംബവും വിശ്വാസി പക്ഷവും ഉള്‍പ്പെടുന്ന വിശ്വാസികളുടെ നിലപാടുകള്‍ നിലവിലെ പുനഃപരിശോധനാ ഉത്തരവോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നിലപാട് കൂടുതല്‍ ശക്തവും വ്യക്തവുമായിരിക്കുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്‍ വര്‍ഷത്തിലേത് പോലെ ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ രാഷ്ട്രീയമായും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പ്, അതിനു മുമ്ബുള്ള തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒക്കെ ആസന്നമായ നില്‍ക്കുന്ന സാഹചര്യത്തില്‍. അതിനാല്‍  തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങളും നിലപാടുകളും കൂടി പരിഗണിച്ചുകൊണ്ട് ഒരു അന്തിമ തീരുമാനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. എന്തായാലും പുതിയ മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അതിനുമുമ്ബ് യുക്തമായ ഒരു തീരുമാനത്തിലേക്ക് എത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. മറ്റൊരു സാധ്യത സര്‍ക്കാരിന് മുമ്ബിലുള്ളത് നിലവിലെ യുവതീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കണമോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് വേണമെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം.അങ്ങനെ വന്നാല്‍ ആ കാലാവധി വരെ തീരുമാനം മാറ്റിവയ്ക്കാം. പക്ഷെ, സുപ്രീംകോടതി മുന്‍ വിധി നിലനില്‍ക്കുകയാണെന്നും അത് സ്റ്റേ ചെയ്തിട്ടില്ലെന്നും അതുവരെ യുവതീ പ്രവേശനം അനുവദിക്കണമെന്നും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകും. അത് നടപ്പിലാക്കേണ്ടതായും വരും. അത് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ കാര്യങ്ങളില്‍ കൂടി ഉണ്ടാകേണ്ടി വരും.

Krithika Kannan