‘സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ ഒടുവിൽ ആ സിനിമ വരുന്നു

ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുന്നു. കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ ട്രെൻഡ് സെറ്റർ ആയ കാവും താഴെ സുരേഷും സുമലത ടീച്ചറും ഇനി പുതിയ സിനിമയിൽ പ്രണയിക്കും. രാജേഷ് മാധവൻ അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ സുരേശൻ കാവും താഴെയും, ചിത്ര നായർ അവതരിപ്പിച്ച സുമലതയും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ ഷൂട്ടിങ് പയ്യന്നൂർ കോളജിൽ ആരംഭിച്ചു


‘സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ഇരു കഥാപാത്രങ്ങളുടെയും ജീവിത പശ്ചാത്തലം പ്രമേയമാക്കുന്ന സ്പിൻ ഓഫ് ചിത്രമായിരിക്കും സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ.

വരണ മാല്യം ധരിച്ച് കഥാപത്രങ്ങൾ സ്റ്റേജിൽ എത്തിയായിരുന്നു രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രത്തിന്റെ ലോഞ്ച്.അതേ സമയം സോഷ്യൽ മീഡിയയിൽ രാജേഷ് മാധവനും, ചിത്ര നായരും ഒരുമിച്ചഭിനയിച്ച സേവ് ദി ഡേറ്റ് വീഡിയോ വൈറലായിരുന്നു. ഇരുവരുടെയും വിവാഹമെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

വിവാഹ ക്ഷണക്കത്തിലെ സ്ഥലം അടയാളപ്പെടുത്തിയ പോലെ പയ്യന്നൂർ കോളേജിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും പൂജയും .സിൽവർ ബേ സ്റ്റുഡിയോസിന്റേയും സിൽവർ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റേയും ബാനറിൽ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

Aiswarya Aishu