Categories: Film News

ദിലീപല്ല തമന്നയുടെ പ്രിയ മലയാളി താരം; ഈ യുവതാരങ്ങളാണ് അവർ

ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദമുള്ള നായികയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും താരമൂല്യമുള്ള നായികമാരില്‍ മുന്‍നിരയിലുള്ള തമന്ന മലയാള സിനിമയിലേക്കും ചുവടുവെക്കുകയാണ്. ബാന്ദ്ര എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായി മലയാള സിനിമയിൽ എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം തമന്ന.ചിത്രത്തില്‍ താര ജാനകി എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര നാളെ തിയറ്ററുകളിലെത്തുകയാണ്.  ഈ സന്ദർഭത്തിൽ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തമന്ന നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ തനിക്ക് എല്ലാക്കാലത്തും വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് തമന്ന  ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിനയത്തിലെ ഓരോ സൂക്ഷമവശങ്ങളും ശ്രദ്ധയോടെ കാണുന്നവരാണ് ഇവിടുത്തെ ടെക്നീഷ്യന്മാര്‍. ഭാഷാ അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും സംവിധായകന്‍ അരുണ്‍ ഗോപിയും നായകന്‍ ദിലീപും തനിക്ക് വേണ്ട പിന്തുണ നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്താണ് കൂടുതലായി മലയാള സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചത്. ഭാഷ നോക്കിയല്ല മറിച്ച് പ്രൊജക്ട് എങ്ങനെ തനിക്ക് അവസരം നല്‍കുന്നു എന്ന് നോക്കിയാണ് സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളതെന്നും തമന്ന പറഞ്ഞു. മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നടന്മാര്‍ ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നാണ് തമന്ന മറുപടി നല്‍കിയത്. സ്വഭാവികമായും ദിലീപിനെ ഇഷ്ടമാണ് എന്നാല്‍ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്‍റെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് തമന്ന പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ യുവനടന്മാരുടെ മുഖമാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു കഴിഞ്ഞു. ദിലിപ് തന്നെ സെറ്റില്‍ വളരെ കംഫേര്‍ട്ട് ആയാണ് നിര്‍ത്തിയിരുന്നതെന്നും തമന്ന പറഞ്ഞു.സിനിമയില്‍ സജീവമെങ്കിലും ഇപ്പോഴും ഒരു തുടക്കക്കാരിയായാണ് തന്നെക്കുറിച്ച് തോന്നിയിട്ടുള്ളതെന്ന് തമന്ന പറഞ്ഞു. ബാന്ദ്ര മലയാളത്തിലെ ആദ്യ ചിത്രമാണ്. അതിനാല്‍ വളരെ ആകാംക്ഷയും ഉത്കണ്ഠയുമുണ്ട്. തന്റെ പുതിയ തുടക്കമാണിത്. ബാന്ദ്ര ആണ് ആദ്യ മലയാള സിനിമയെങ്കിലും മലയാളത്തിലെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നുന്നതേ ഇല്ലെന്ന് തമന്ന പറയുന്നു. 2007 ൽ ഹാപ്പി ഡെയ്‌സ് അരങ്ങിൽ ശേഷം കത്തുകളിലൂടെയും മറ്റും തനിക്ക് ഒരുപാട് സ്നേഹം മലയാളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തമന്ന പറഞ്ഞു.

ബാന്ദ്ര തിയേറ്ററിലെത്താൻവേണ്ടി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. റിവ്യൂ ബോംബിങ് സംബന്ധിച്ച് തന്റെ അഭിപ്രായവും തമന്ന  പങ്കുവെച്ചു. നല്ല സിനിമകളെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. എന്തുതരം റിവ്യൂ വന്നാലും, നല്ല സിനിമ ആളുകൾ പറഞ്ഞും കേട്ടും വിജയിക്കുകതന്നെ ചെയ്യും. തന്റെ കരിയറിന്റെ തുടക്കത്തിൽ ചിലർ വളരെ മോശം എന്നു പറഞ്ഞ സിനിമകൾ വിജയമായിട്ടുണ്ടെന്നും തമന്ന വ്യക്തമാക്കി. അതെ സമയം   കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടി തമന്ന ഭാട്ടിയ. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. എല്ലായിടത്തും കൈനിറയെ അവസരങ്ങളാണ് തമന്നയെ തേടിയെത്തുന്നത്. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിലാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.  അതേസമയം നവംബർ പത്തിനാണ് ബാന്ദ്ര തിയേറ്ററുകളിൽ എത്തുക.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.  ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Sreekumar R