പറക്കും കാറുകളുടെ ഉദ്പാദനത്തിൽ അമേരിക്കയെ പിന്നിലാക്കി ചൈന; കാറുകൾ ഉടൻ വിപണിയിൽ എത്തും

ഗതാഗത ലോകത്തെ വിസ്മയിപ്പിച്ച് അടുത്ത തലമുറ പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പ്പാദനം ചൈനീസ് സ്ഥാപനം ആരംഭിച്ചു. റോഡിലൂടെ ഓടാനും ആവശ്യമെങ്കില്‍ പറക്കാനും കഴിയുന്ന വാഹനങ്ങളാണ് പറക്കുംകാറുകള്‍.

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ എക്സ്പെങ്ങിന്റെ ‘പറക്കും കാര്‍’ അനുബന്ധ സ്ഥാപനമായ എക്സ്പെങ് എയ്റോഹ്റ്റ് ആണ് പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചത്. അടുത്ത തലമുറ ഗതാഗതം വാണിജ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈയാഴ്ച കമ്പനിയുടെ ഫാക്ടറിയില്‍ ഉല്‍പ്പാദനം ആരംഭിച്ചത്.

ആറുചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വെഹിക്കിളും വേര്‍പെടുത്താവുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിങ് (ഇവിടിഒഎല്‍) ബോഡിയുമാണ് എക്‌സ്പെങ്ങിന്റെ പറക്കുംകാറിനുള്ളത്. ഇവയ്ക്ക് ഓട്ടോമാറ്റിക് മോഡും മാനുവല്‍ ഫ്‌ലൈറ്റ് മോഡുമുണ്ട്.

വന്‍തോതില്‍ പറക്കും കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫാക്ടറിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൂവിലെ ഹുവാങ്പു ജില്ലയിലാണ് ഫാക്ടറി. വര്‍ഷംതോറും 10,000 മോഡുലാര്‍ പറക്കും കാറുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി. 5000 ആണ് പ്രാംരംഭ ശേഷി. പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ ഓരോ 30 മിനിറ്റിലും ഒരു വിമാനം സജ്ജമാക്കാന്‍ ഇതിന് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.