Film News

ഉലകനായകന്റെ സേനാപതി അവതാരത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീളും; റിലീസ് മാറ്റിയതായി റിപ്പോർട്ട്

കമൽ ഹാസൻ നായകനായെത്തുന്ന ‘ഇന്ത്യൻ 2’വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 2019ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഏറെ വൈകിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജൂണിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ വിവരങ്ങൾ വന്നത്. എന്നാൽ, ചിത്രം ജുലൈയിലെ എത്തൂ എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ജൂണിൽ പ്രഭാസ് ചിത്രം കൽക്കിയുടെ റിലീസുണ്ട്. ഇത് പരി​ഗണിച്ചാണ് ഇന്ത്യൻ 2 റിലീസ് മാറ്റുന്നതെന്നാണ് വിവരം.

കഴിഞ്ഞ മാസമായിരുന്നു നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ചിത്രം ജൂണിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് മാറ്റിയ വിവരം ഇതുവരെ ഔദ്യോഗികമായി നിർമ്മാതാക്കൾ അറിയിച്ചിട്ടില്ല. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രം വൻ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ച് ‘ഇന്ത്യൻ 2’ ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടൻ വിവേകും ഇന്ത്യൻ 2വിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങൾ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ശങ്കർ അറിയിച്ചിരുന്നു. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കാജൽ അഗർവാൾ ആണ് നായിക. വിദ്യുത് ജമാൽ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Ajay Soni