തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ദളപതി വിജയ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. കഴിഞ്ഞ ദിവസം ചെന്നൈ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി താരം തന്നെ നേരിട്ട് എത്തിയിരുന്നു.
ഇപ്പോഴിതാ സഹായവിതരണ വേദിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു താരം.അതിനിടെ മാസ്ക് ധരിച്ച ഒരു പെണ്‍കുട്ടി വേദിയിലേക്ക് കയറിവന്നത്. താരത്തിന്റെ അടുത്തെത്തി സെല്‍ഫി എടുത്തോട്ടെ എന്ന് പെണ്‍കുട്ടി ചോദിച്ചു. താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു.തുടര്‍ന്ന് നടന്നു നീങ്ങിയ ആരാധികയോട് കിറ്റ് വേണ്ടെ എന്ന് താരം ചോദിച്ചു. കിറ്റ് വേണ്ട എന്നു പറഞ്ഞ് പെണ്‍കുട്ടി വേദി വിട്ടു.
വേദിയില്‍ എത്തിയ യുവാക്കളില്‍ മിക്കവരും സെല്‍ഫിയും എടുത്ത് കിറ്റും വാങ്ങിയാണ് പോയത്. കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ. സെല്‍ഫി മുഖ്യം ബിഗിലേ എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് വിജയ് നേരിട്ടെത്തി അവശ്യവസ്തുക്കള്‍ വിതരണം ചെയ്തത്. പ്രളയബാധിതരായ 1500 കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വീടുകള്‍ക്ക് നാശനഷ്ടം വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്കിരുന്നു.