Categories: Film News

ഷാരൂഖിന്റെ ജന്മദിനാഘോഷത്തിലെ മോഷണം; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

നവംബര്‍ 3നു അതായത്യി ഇന്നലെ ആയിരുന്നു ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ ജന്മദിനം. തന്റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ധാരാളം തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് പതിവാണ്. ഈ വർഷവും ആ പതിവ് ഷാരൂഖ് തെറ്റിച്ചില്ല. അദ്ദേഹം തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ഷാരൂഖ് ആരാധകര്‍ക്കിടയില്‍ വന്‍ കവര്‍ച്ചയാണ് ഇഷ്ടതാര ദര്‍ശനത്തിനിടെ ഉണ്ടായത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 30ലധികം ഫോണുകൾ മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. ഷാരൂഖിന്‍റെ 58-ാം ജന്മദിനത്തിന്റെ തലേന്ന് ആശംസകൾ നേർന്ന് വ്യാഴാഴ്ച രാത്രി നടന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയവരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നാണ് മുംബൈ പൊലീസ് എഫ്‌ഐആർ  പറയുന്നത്.

അതേ സമയം ജന്മദിനാശംസകൾക്കും ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുമായി എത്തിയിരുന്നു, “നിങ്ങളിൽ പലരും രാത്രി വൈകി വന്ന് എന്നെ ആശംസിക്കാന്‍ കാത്തിരുന്നു എന്നത് അവിശ്വസനീയമാണ്. ഞാൻ വെറുമൊരു നടൻ മാത്രമാണ്. എനിക്ക് നിങ്ങളെ അൽപ്പം രസിപ്പിക്കാൻ കഴിയുന്നു എന്നതിനപ്പുറം മറ്റൊന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല. നിങ്ങളുടെ സ്നേഹമെന്ന സ്വപ്നത്തിലാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ എല്ലാവരെയും  എന്‍റര്‍ടെയ്ന്‍ ചെയ്യാന്‍ എന്നെ അനുവദിച്ചതിന് നന്ദി ” – എന്നായിരുന്നു ഷാരൂഖിന്‍റെ സന്ദേശം.

തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത്, അതിനുശേഷമെത്തിയ ഷാരൂഖ് ചിത്രങ്ങള്‍ ഈ വര്‍ഷം വന്‍ വിജയമാണ് നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും, രണ്ട് ചിത്രങ്ങളും 1000 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഷാരൂഖ് ഖാന്‍റെ അടുത്ത റിലീസ് ആയി എത്താനിരിക്കുന്ന ഡങ്കി. മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള കള്‍ട്ട് ചിത്രങ്ങള്‍ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിയാണ് ഡങ്കിയുടെയും സംവിധായകന്‍.  മുന്‍ ചിത്രങ്ങളിലും വളരെ ഗൌരവമുള്ള വിഷയങ്ങള്‍ തെളിഞ്ഞ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് രാജ്‍കുമാര്‍ ഹിറാനി. ഷാരൂഖ് ഖാന്‍ കരിയറിന്‍റെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. ഈ രണ്ട് കാരണങ്ങളാലും വന്‍ പ്രേക്ഷകപ്രതീക്ഷയുള്ള ചിത്രമാണ് ഡങ്കി. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം പഠാനും ജവാനുമൊക്കെപ്പോലെ 1000 കോടി ബോക്സ് ഓഫീസില്‍ നേടാന്‍ സാധ്യതയുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം  പുറത്തുവിട്ടു. ഈ ക്രിസ്മസിന് റിലീസാകുന്ന ചിത്രത്തിനായി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു വാക്ക് പാലിക്കാനുള്ള ഒരു സൈനികന്റെ യാത്രയുടെ ഹൃദയസ്പർശിയായ കഥ എന്നാണ് ആദ്യ ടീസറിനൊപ്പം അണിയറക്കാർ കുറിച്ചിരിക്കുന്നത്. ഒരു മിനുട്ട് 47 സെക്കന്‍റാണ് ഇപ്പോള്‍ ഇറക്കിയ ഡങ്കി വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയില്‍ ഷാരൂഖിനെ ആദ്യം കാണിക്കുന്നത് ഒരു നീങ്ങുന്ന ട്രെയിന്‍റെ വാതിലിന് അടുത്ത് നില്‍ക്കുന്നതാണ്. ഇത് ശരിക്കും ക്ലാസിക്ക് ചിത്രം  ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരുന്നത്. രണ്ടാമത്തെ ടീസർ ഉടൻ തന്നെ പുറത്തിറക്കും. തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sreekumar R