ഗോദ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയ്ക്കായി കട്ട വെയ്റ്റിംഗിലാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന് പരിപാടികളുടെ ഭാഗമായി മുംബൈയിലെത്തിയ ഇരുവരും ക്രിക്കറ്റ് സൂപ്പര്‍താരം യുവരാജ് സിംഗിനോടൊപ്പം നില്ക്കുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ നേരിട്ട് കാണാന്‍ സാധിച്ചതിലുള്ള സന്തോഷം നടന് ടൊവിനോ തോമസും സംവിധായകന് ബേസില്‍ ജോസഫും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരുമായി പങ്കുവെച്ചു. യുവരാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്കൊണ്ട് ടൊവിനോ എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”എക്കാലത്തും ഞാന്‍ താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ് സിങ്! താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡര്‍ബനിലെ നിങ്ങളുടെ ആറ് സിക്സറുകള്‍ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓര്‍മ്മയായി തുടരും” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.
യുവരാജിന്റെ കൂടെ ബേസിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോ ഷൂട്ടുകളുടെ ഭാഗമായി ഇരുവരും മുംബൈയിലെത്തിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ കണ്ടുമുട്ടിയത്.