Film News

ടോവിനോ തോമസിന്റെ ആക്ഷന്‍ ചിത്രം ഐഡന്റിറ്റി വരുന്നു!!

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ഐഡന്റിറ്റി ഒരുങ്ങുന്നു. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും ഒരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. തെന്നിന്ത്യയുടെ പ്രിയ താരം തൃഷയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയാവുന്നത്.

സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 76 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. നിരവധി താരങ്ങള്‍ ഒന്നിച്ചുള്ള ഷെഡ്യൂളിന്റെ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു.

ടോവിനോ തോമസ് ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ ഈ ഷെഡ്യൂളിന്റെ ഭാഗമായിരുന്നു. ഇനി 44 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്. കേക്ക് മുറിച്ചുകൊണ്ടാണ് ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം ടീം അംഗങ്ങള്‍ പുറത്തുവിട്ടത്. അടുത്ത ഷെഡ്യൂളിനായുള്ള ഒരുക്കങ്ങള്‍ വൈകാതെ തന്നെ പൂര്‍ത്തിയാക്കി ഐഡന്റിറ്റി ബിഗ് സ്‌ക്രീനുകളിലേക്ക് എത്തും.

മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

തെന്നിന്ത്യന്‍ താരം വിനയ് റായും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 50 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 30 ദിവസം ആക്ഷന്‍ സീക്വന്‍സുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഉപയോഗിക്കേണ്ടി വരും. മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോ നായകനാവുന്ന ആക്ഷന്‍ ചിത്രവുമാണ്.

Anu B