ആഷിക്ക് അബു- ടോവിനോ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന ചിത്രം നാരദന് വ്യത്യസ്തമായ പ്രമോഷനുമായി അണിയറ പ്രവര്‍ത്തകര്‍. മാധ്യമരംഗം പ്രമേയമാക്കിയ സിനിമയായതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട രീതിയിലാണ് പ്രമോഷന്. സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തെ വാര്‍ത്തയാക്കി തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വാഗ്ദാനം. ടോവിനോ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
‘നിങ്ങളിലൊരു മാധ്യമപ്രവര്ത്തകനുണ്ടോ? ഉണ്ടെങ്കില്‍ സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തെ വാര്‍ത്തയാക്കു, മത്സരത്തില്‍ വിജയിയാകൂ. തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം.
വിജയിയെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ആര്. ശ്രീകണ്ഠന് നായര്‍, സിന്ധു സൂര്യകുമാര്‍, നികേഷ് കുമാര്‍, രാജീവ് ദേവരാജന്‍ എന്നിവര്‍ തിരഞ്ഞെടുക്കുന്നു,’ വെന്നാണ് കുറിപ്പ്.
മാര്‍ച്ച് മൂന്നാം തീയതിയാണ് നാരദന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്ന നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കഥാകൃത്ത് ഉണ്ണി. ആര്. ആണ്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.