എന്ത് ചെയ്താലും ‘ബഡായി’ മറക്കാന്‍ പറ്റുമോ; പുതിയ തുടക്കവുമായി ആര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. താരം അഭിനയരംഗത്ത് എത്തിയിട്ട് വര്‍ഷങ്ങളായി എങ്കിലും കൂടൂതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു. അതിനാല്‍ ആര്യ ബാബു എന്ന പേരിനേക്കാള്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. താരം അഭിനയരംഗത്ത് എത്തിയിട്ട് വര്‍ഷങ്ങളായി എങ്കിലും കൂടൂതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു. അതിനാല്‍ ആര്യ ബാബു എന്ന പേരിനേക്കാള്‍ അധികം മലയാളികള്‍ക്ക് പരിചയം ബഡായി ആര്യ എന്ന വിളിപ്പേരാകും. പിന്നീട് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യയെ എല്ലാവരും മനസിലാക്കി തുടങ്ങിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ആര്യ നിരവധി ആരാധകരെയും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ പുതിയൊരു വിശേഷവുമായിട്ടാണ് ആര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. താന്‍ ഉടന്‍ തന്നെ വ്‌ലോഗിങ് ആരംഭിക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. ആരാധകരെ ഇക്കാര്യം അറിയിച്ചുകൊണ്ട് താരം ഒരു പ്രൊമോ വീഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. അഭിനയ ജീവിതത്തെക്കുറിച്ചും ആളുകള്‍ തന്നെ കണ്ടിരുന്ന രീതിയെക്കുറിച്ചുമൊക്കെ ആര്യ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നും കലാരംഗത്തേക്ക് വന്നിട്ട് 15 വര്‍ഷമായെന്നും ആര്യ തന്റെ ആദ്യ വീഡിയോയില്‍ പറഞ്ഞു. ‘മോഡലിങ്ങിലും സീരിയലിലും അഭിനയിച്ചു. പിന്നീട് അവതാരകയായി. അവിടെ നിന്നാണ് കോമഡി ആര്‍ട്ടിസ്റ്റായി മാറുന്നത്. പതിയെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റില്‍ എത്തിനില്‍ക്കുന്നു’ എന്നാണ് ആര്യ പറഞ്ഞത്.

ബഡായി ബംഗ്ലാവിലൂടെയാണ് തന്നെ എല്ലാവര്‍ക്കും പരിചയമെന്നു പറയുന്ന ആര്യ കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത താന്‍ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായെന്നും അത് പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നും പറയുന്നു. ‘പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവില്‍. അത് ഒരു സ്‌ക്രിപ്റ്റഡ് ക്യാരക്ടര്‍ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാന്‍ റിയല്‍ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു’ എന്നും ആര്യ പറയുന്നുണ്ട്. ആളുകള്‍ക്ക് തന്നോടുള്ള ഈ മനോഭാവത്തില്‍ മാറ്റം വന്നത് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയപ്പോഴായിരുന്നവെന്നും പക്ഷേ ബിഗ് ബോസിലൂടെ തന്റെ വ്യക്തിത്വം പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും ആര്യ പറഞ്ഞു. തമാശയുമായി താന്‍ സ്‌ക്രീനില്‍ എത്താറുണ്ടെങ്കിലും അത്ര തമാശയായിരുന്നില്ല തന്റെ ജീവിതമെന്നും പലപ്പോഴും താരം പറഞ്ഞിരുന്നു.