‘സ്ത്രീകള്‍ ഗര്‍ഭ നിരോധന ഉറ വാങ്ങിയാല്‍ എന്താണ് തെറ്റ്’, വൈറല്‍ രംഗത്തെക്കുറിച്ച് അക്ഷരാ ഹാസന്‍

ലൈംഗികതയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പച്ചയ്ക്ക് ചോദ്യം ചെയ്യുന്ന അച്ചം മടം നാണം പയിര്‍പ്പ് മികച്ച പ്രതികരണങ്ങള്‍ നേടി ആമസോണ്‍ പ്രൈമില്‍ മുന്നേറുകയാണ്. രാജ രാമമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ കാമുകനൊപ്പമുള്ള ലൈംഗികതയുടെ തീഷ്ണത അറിയാന്‍…

ലൈംഗികതയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പച്ചയ്ക്ക് ചോദ്യം ചെയ്യുന്ന അച്ചം മടം നാണം പയിര്‍പ്പ് മികച്ച പ്രതികരണങ്ങള്‍ നേടി ആമസോണ്‍ പ്രൈമില്‍ മുന്നേറുകയാണ്. രാജ രാമമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ കാമുകനൊപ്പമുള്ള ലൈംഗികതയുടെ തീഷ്ണത അറിയാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ അക്ഷര ഹാസനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലൈംഗിക ആഗ്രഹങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പെണ്‍കുട്ടിക്ക് മനസ്സിലുറച്ചുപോയ വിശ്വാസങ്ങള്‍ മൂലം അവള്‍ക്ക് ലൈംഗിക താല്‍പര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മനസ്സിലെ ആശങ്കകള്‍ തടസ്സമാകുന്നു. ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ സീനുകളില്‍ ഒന്ന് അക്ഷരയുടെ കഥാപാത്രം ഗര്‍ഭ നിരോധന ഉറ വാങ്ങുന്നതിന് കടയില്‍ പോകുന്ന ഭാഗമാണ്.

ഈ സീനുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അതിന്റെ ഭാഗമായിതന്നെ ഒരു അഭിമുഖത്തില്‍ തനിക്ക് നേരെ ഉയര്‍ന്ന ചോദ്യത്തിന് അക്ഷര നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഒരു സ്ത്രീ ഗര്‍ഭ നിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് ഒരു കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ?. ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നത്, അക്ഷര പറയുന്നു.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും വരേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത് ശരിയല്ല. ആരോഗ്യകരമായ ബന്ധങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അക്ഷര പറഞ്ഞു.