മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെ ഭരണ-പ്രതിപക്ഷങ്ങള്‍ സംരക്ഷിക്കുന്നുവോ?: നടി പാര്‍വതിയുടെ പേരെടുത്തുപറഞ്ഞ് ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍

മലയാള സിനിമാ മേഖലയിലെ വനിതാ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടില്ലാ എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിനെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെന്ന്…

മലയാള സിനിമാ മേഖലയിലെ വനിതാ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടില്ലാ എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിനെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

സമാന ആരോപണം ഉന്നയിച്ച നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് സമര്‍ധിക്കുന്ന രീതിയിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നതെന്നും, ഇത് ഗുരതരമാണെന്നും സനല്‍ കുമാര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന കേരള സര്‍ക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത്, മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍വതി അത് പറയുമ്പോള്‍, കൂടുതല്‍ വെളിപ്പെടുത്താത്തത് ജീവനില്‍ ഭയമുള്ളതുകാരണമാണ് എന്നുകൂടി കൂട്ടിച്ചേര്‍ത്തിരുന്നു.

സെക്‌സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാല്‍ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്ത് വിടില്ല എന്ന് സര്‍ക്കാര്‍ വാശിപിടിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ആരും അതിനെ ചോദ്യം ചെയ്യാത്തത് എന്നും ന്യായമായും സംശയിക്കാം.

വെള്ളിത്തിരയിലെ ധീരോദാത്ത നായികമാര്‍ക്ക് ജീവനില്‍ ഭയമുണ്ടെന്ന് അവര്‍ പരസ്യമായി പറയുമ്പോള്‍ അത് വെറും തമാശയായി എടുക്കാനുള്ള മാനസികവളര്‍ച്ച മാത്രമേ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഉള്ളു. സത്യം പറഞ്ഞതിന്റെ പേരിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യതയുണ്ട് എന്നതിന്റെ പേരിലും ഈ സ്ത്രീകള്‍ എന്തെങ്കിലും ഭീഷണികള്‍ നേരിടുന്നുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ സുരക്ഷയിലും ആര്‍ക്കും ആശങ്കയില്ല.

എന്തെങ്കിലും തരത്തിലുള്ള ബ്ലാക്ക്‌മെയിലിംഗുകള്‍ ഉണ്ടെങ്കില്‍ അവരുടെയൊക്കെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും മൗനം പാലിക്കും എന്ന സാധ്യതയും ആരും ചിന്തിക്കുന്നില്ല. അവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ മതിയാകുമല്ലോ എന്ന് ലളിതമായി ചിന്തിക്കുകയാണ് എല്ലാവരും. സെക്‌സ് റാക്കറ്റിനെ സഹായിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുന്നത് എങ്കില്‍ അതിനെക്കുറിച്ച് പരാതിപറയുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമോ? വളരെ വളരെ സങ്കടകരവും ഗുരുതരവുമായ അവസ്ഥയാണ്.