കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു!! രണ്ട് പേരുടെ മരണം വൈറസ് ബാധിച്ച്, അതീവ ജാഗ്രത

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട് പേരുടെ മരണം നിപ വൈറസ് ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.…

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട് പേരുടെ മരണം നിപ വൈറസ് ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാല് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.

മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരണപ്പെട്ടത്. മരിച്ച ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കേന്ദ്ര ആരോഗ്യസംഘം സംസ്ഥാനത്തെത്തും. രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആണ്‍കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ആരംഭിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗ പ്രതിരോധത്തിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 75 ഐസൊലേഷന്‍ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഹൈ റിസ്‌ക് ആയവരെ ഐസൊലേറ്റ് ചെയ്യും. എല്ലാവര്‍ക്കും ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വേണ്ട. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഐസിയു ആവശ്യമുള്ളവര്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കുന്നതെന്നാണ് നിലവില്‍ കണ്ടിരിക്കുന്നത്.

നിപ പ്രോട്ടോക്കോള്‍ പ്രകാരം ഒരാള്‍ക്ക് ഒരു മുറി, അതിലൊരു ബാത്ത്‌റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ പരസ്പരം സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല എന്നതിനാലാണ് ഇത്. 21 മുറികളാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോള്‍ 75 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലുള്ളവര്‍ക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.