അത് ലോകകപ്പാണ്, അതിനെയൊന്ന് ബഹുമാനിച്ചുകൂടേ?!!! ട്രോഫിയ്ക്ക് മേല്‍ കാല്‍ കയറ്റിവച്ച് മാര്‍ഷ്

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ലോകകിരീടം ചൂടിയിരിക്കുകയാണ് ആസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറുവിക്കറ്റിന് തകര്‍ത്താണ് ആസ്‌ട്രേലിയ ആറാം തവണ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോഴിതാ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാട്ടുന്ന ആസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍…

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ലോകകിരീടം ചൂടിയിരിക്കുകയാണ് ആസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറുവിക്കറ്റിന് തകര്‍ത്താണ് ആസ്‌ട്രേലിയ ആറാം തവണ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോഴിതാ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാട്ടുന്ന ആസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

വിജയാഹ്ലാദത്തിനിടെ മാര്‍ഷ് കപ്പിന് മുകളില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഫൈനലില്‍ ഇന്ത്യക്കെതിരെ 15 പന്തില്‍ 15 റണ്‍സെടുത്ത ശേഷം ജസ്പ്രീത് ബുംറയുടെ പന്തിലാണ് താരം പുറത്തായത്. രണ്ടോവര്‍ ബൗള്‍ ചെയ്ത മിച്ചല്‍ അഞ്ചു റണ്‍സ് മാത്രമാണ് വഴങ്ങിയത്. 2015ല്‍ ആസ്‌ട്രേലിയ ലോകകിരീടം നേടിയപ്പോഴും ടീമില്‍ മാര്‍ഷ് അംഗമായിരുന്നു.

‘ലോകകപ്പിനോട് അല്‍പം ബഹുമാനമാവാം’..സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകകപ്പ് കൈകളിലേന്തി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഒരാള്‍ മാര്‍ഷിനെ വിമര്‍ശിച്ചത്. ‘അവര്‍ ഈ കിരീടം അര്‍ഹിക്കുന്നില്ല. അതിനോട് ഒട്ടും ബഹുമാനമില്ലെങ്കില്‍ മിച്ചല്‍ മാര്‍ഷിനെക്കുറിച്ചോര്‍ത്ത് ലജ്ജയുണ്ട്’, ‘സുഹൃത്തേ..അത് ലോകകപ്പാണ്, അതിനെയൊന്ന് ബഹുമാനിച്ചുകൂടേ?’, ‘ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ മാര്‍ഷിനെതിരെ നടപടിയെടുക്കണം’, ‘ആ ട്രോഫിയെ ബഹുമാനിക്കുന്നവര്‍ക്ക് അതില്‍ തൊടാന്‍ അവസരം ലഭിച്ചില്ലെന്നത് ദുഃഖകരമാണ്. ബഹുമാനമില്ലാത്തവര്‍ക്കാവട്ടെ, വീണ്ടും വീണ്ടും അവസരം ലഭിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇത് ഹൃദയഭേദകമാണ്’ എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.