ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം !!

ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻ വീട്ടിൽ പി എസ് ജോബേഷിൻറെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ…

ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻ വീട്ടിൽ പി എസ് ജോബേഷിൻറെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഷീജയുടെ ‘അമ്മ ചിന്നമ്മ സഹോദരി സിനി, സഹോദരൻ അരുൺ എന്നിവർ ഉൾപ്പടെ ഉള്ളവരുടെ മൊഴിയാണ് ഉപ്പുതറ പോലീസ് രേഖപ്പെടുത്തിയത്. പത്ത് മാസം മുൻപായിരുന്നു ഷീജയുടെയും, ജോബേഷിൻറെയും വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണ്ണവുമാണ് ആവിശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണ്ണവും ജോബേഷിന് കൈമാറി.

ബാക്കിയുള്ള രണ്ട് പവൻ സ്വർണത്തെ ചൊല്ലി മദ്യപിച്ച് എത്തുന്ന ഭർത്താവ് ജോബേഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് ഇവർ മൊഴി നൽകിയത്. ഇതേ ആവിശ്യം ചോദിച്ച് ജോബേഷിന്റെ അമ്മയും അച്ഛനും മാനസികമായി പീഡിപ്പിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നും വീട്ടിൽ എത്തുന്ന ജോബേഷ് സുഹൃത്തുക്കൾക്ക് ഒപ്പം മദ്യപിച്ച് വീട്ടിൽ എത്തുകയും രാത്രി തിരികെ എത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മുപ്പത്തിനാല് ദിവസം കഴിഞ്ഞാണ് ജോബേഷ് തിരികെ വിളിക്കാൻ എത്തിയതെന്നും മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ സ്വീകരിക്കാൻ രൂപേഷിനെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യും. വ്യക്തമായ തെളിവ് ലഭിച്ചാൽ മൂന്ന് പേർക്കെതിരെയും സ്ത്രീധന പീഡന പ്രകാരമുള്ള കുറ്റം ചുമത്തും തുടർന്ന് അന്യൂഷണം കട്ടപ്പന ഡിവൈ എസ്പിക്ക് കൈമാറും.