ആ പ്രാര്‍ഥനയും സഫലമായി!!! സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളും പുതുജീവിതത്തിലേക്ക്

20 മണിക്കൂര്‍ മലയാളി ഹൃദയമിടിപ്പ് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു ഒരേയൊരു വാര്‍ത്ത കേള്‍ക്കാന്‍, കുഞ്ഞ് അബിഗേളിനെ സുരക്ഷിതമായി കണ്ടെത്താന്‍. ആ സന്തോഷവാര്‍ത്ത എത്തിയതിന് പിന്നാലെ മറ്റൊരു ശുഭ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ദിവസങ്ങളായി ഇന്ത്യ മുഴുവന്‍ ഒരേ…

20 മണിക്കൂര്‍ മലയാളി ഹൃദയമിടിപ്പ് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു ഒരേയൊരു വാര്‍ത്ത കേള്‍ക്കാന്‍, കുഞ്ഞ് അബിഗേളിനെ സുരക്ഷിതമായി കണ്ടെത്താന്‍. ആ സന്തോഷവാര്‍ത്ത എത്തിയതിന് പിന്നാലെ മറ്റൊരു ശുഭ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ദിവസങ്ങളായി ഇന്ത്യ മുഴുവന്‍ ഒരേ പ്രാര്‍ഥനയിലായിരുന്നു. 41 ജീവനുകള്‍ക്കായി. 17 ദിവസമായി ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു രാജ്യം ഒന്നാകെ.

ആ പ്രാര്‍ഥനയും ഇന്ന സഫലമായിരിക്കുകയാണ്. 41 ജീവനുകളും പുതുജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. 17 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് വിജയം കണ്ടത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു ദിവസങ്ങളായി രാജ്യം കണ്ടത്.

400 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്താനായത്. മധുരം നല്‍കി, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 7.55 ഓടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തുടങ്ങി, എട്ടരയോടെ 41ാംമത്തെയാളെയും പുറത്തെത്തിച്ചു.

എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളില്‍ എത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. ആംബുലന്‍സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിന് പുറത്ത് സജ്ജമായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിരുന്നു.

ട്രോമ സെന്ററുള്‍പ്പടെ 41 ബെഡുകള്‍ ഋഷികേശിലെ എയിംസില്‍ തയ്യാറാക്കിയിരുന്നു. ഇവരെ ആരോഗ്യനില അനുസരിച്ച് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. അബിഗേലിനെ കണ്ടെത്തിയെന്ന വാര്‍ത്തയെത്തിയ സമയത്ത് ഉച്ചയോടെ സില്‍ക്യാര തുരങ്കത്തില്‍ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയിരുന്നു.