സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുന്നു; ദുരവസ്ഥയുമായി യുവതി

Published by
Gargi

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുകയാണ് ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന ഫിയോണ ഹൂകെര്‍ എന്ന 32കാരി. അന്‍പതിനായിരം സത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയിലാണ് ഈ അമ്മ. സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് തടിക്കും.

31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഫിയോണ പറയുന്നു. പിന്നീട് ഇത് കൂടി വന്നു. മകനെ പ്രസവിച്ച ശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്ന പാടുകളും കുമിളകളും നിറഞ്ഞു. പ്രസവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പാടുകളും കുമിളകളും പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി.

മാസങ്ങളോളം ഈ അവസ്ഥ തുടര്‍ന്നു. പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിത്. ഫിയോനയുടെ ശരീരം അവളുടെ മകന്റെ ഡി.എന്‍.എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരത്തെ തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ക്രീമുകളും ഉപയോഗിച്ചു. ആറുമാസത്തിനുശേഷം അലര്‍ജി കുറഞ്ഞ് തുടങ്ങി. എന്നാല്‍ ക്രീമുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും ഫിയോണ മാധ്യമങ്ങളോട് പറഞ്ഞു.