Film News

മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി ടര്‍ബോ; വമ്പന്‍ അപ്‌ഡേറ്റുമായി ടീം

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പുത്തന്‍ അപ്‌ഡേറ്റ് പങ്കുവച്ച് നടന്‍ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്‌ഡേറ്റ് ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം വാഹനത്തിനുള്ളില്‍ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതിയും ടീസറും അന്നേ ദിവസം റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ ടര്‍ബോ അപ്‌ഡേറ്റ് ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയും ഇവര്‍ ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രവുമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍- കോമഡി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

Ajay Soni