Film News

എന്നെ അറിയാവുന്നവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കില്ല!! നിങ്ങളുടെ പ്രവര്‍ത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകര്‍ക്കില്ല-ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഏപ്രില്‍ 11 നാണ് ജയ് ഗണേഷ് തിയ്യേറ്ററിലെത്തുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫാക്ട് ചെക്ക് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഉണ്ണിയുടെ പ്രതികരണം. അയോദ്ധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട്, ”ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട” എന്ന മനോരമ ഓണ്‍ലൈനിന്റെ ഫാക്ട് ചെക്ക് സ്‌റ്റോറിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഉണ്ണിയുടെ വിശദീകരണം.

റിലീസ് പോലും ആകാത്ത ഒരു സിനിമയെ മോശമായി ചിത്രീകരിക്കാന്‍ എത്രത്തോളം തരംതാഴാന്‍ കഴിയും. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ അധമ പ്രവര്‍ത്തി ഇപ്പോഴും തുടരുകയാണ്. ഞാന്‍ പറയാത്ത കാര്യങ്ങളും, വാക്കുകളും എന്റേതായി പ്രചരിപ്പിച്ച് സിനിമയെ തകര്‍ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉണ്ണി പറയുന്നു.

ഈ ശ്രമം നടത്തുന്നവര്‍ അറിയാനായി പറയുകയാണ്, നിങ്ങളുടെ പ്രവര്‍ത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകര്‍ക്കില്ല. എന്നെ അറിയാവുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല. ജയ് ഗണേശ് ഏപ്രില്‍ 11ന് തിയേറ്ററിലെത്തും. അപ്പോള്‍, തിയേറ്ററില്‍ കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ് എന്നാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്.

Anu